രുചിപ്രേമികൾക്ക് പ്രിയങ്കരമായ ഷവർമയും മയോണൈസും. ബാക്ടീരിയ സാന്നിദ്ധ്യമുണ്ടെങ്കിൽ ഷവർമ മനുഷ്യന്റെ ജീവനെടുക്കുന്ന വിഷമായേക്കും. ഷവർമയെ വിഷമയമാക്കുന്നത് പഴകിയ മാംസത്തിൽ വ്യാപിക്കുന്ന സ്റ്റഫൈലോ കോക്കസ് ബാക്‌ടീരിയയാണ്. ഈ ബാക്ടീരിയയുടെ സാന്നിധ്യമുള്ള മാംസം എത്ര വലിയ തീയിൽ വേവിച്ചാലും ബാക്ടീരിയ മാത്രമേ നശിക്കൂ, ആഹാരത്തിലെ വിഷാംശം നിലനിൽക്കും. കൈകാര്യം ചെയ്യുന്നവരുടെ കൈകളിൽ സ്റ്റഫൈലോകോക്കസിന്റെ സാന്നിദ്ധ്യമുണ്ടെങ്കിലും ഭക്ഷണം വിഷമയമാകും. ബാക്‌ടീരിയ കലർന്ന ഭക്ഷണം കഴിച്ചാൽ രണ്ടുമുതൽ ആറ് മണിക്കൂറിനകം ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് മയോണൈസ്. ഷവർമയ്ക്കൊപ്പം വിളമ്പുന്ന മയോണൈസിലും മാരക ബാക്ടീരിയകളുണ്ടാവാം.
മുട്ടത്തോടിലുള്ള സാൽമൊണല്ല ബാക്‌ടീരിയയാണ് വില്ലൻ. മയോണൈസ് തയ്യാറാക്കാൻ മുട്ടപൊട്ടിക്കുമ്പോൾ ബാക്ടീരിയ വെള്ളയിലേക്ക് കലരുന്നു. ഈ മുട്ട ചേർത്ത മയോണൈസ് പാകം ചെയ്യാത്ത വിഭവമായതിനാൽ വിഷബാധ സാദ്ധ്യത നൂറിരട്ടിയാകും.
മയോണൈസ് പ്രോട്ടീൻ സമ്പന്നമായതിനാലും ബാക്ടീരിയ വേഗത്തിൽ വ്യാപിക്കും. റസ്റ്റോറന്റുകളും ഹോട്ടലുകളും ഫുഡ് ട്രക്കുകളും തലേന്നത്തെ മയോണൈസ് ഫ്രിഡ്‌ജിൽ വച്ച് പിറ്റേന്ന് വിളമ്പാറുണ്ട്. ഇത് കൂടുതൽ അപകടകരമാണ്. ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പച്ചമുട്ട ചേർത്ത മയോണൈസ് നിരോധിച്ചിരുന്നു. ഈ വർഷം ആദ്യം നിലവിൽവന്ന ഉത്തരവ് കാറ്റിൽപ്പറത്തി പച്ചമുട്ട ചേർത്ത മയോണൈസ് വിളമ്പുകയാണ്. യാതൊരു പരിശോധനയും നടക്കുന്നുമില്ല.
മയോണൈസിൽ ചില അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. പച്ച മുട്ടയിൽ ഓയിൽ ചേർത്തുണ്ടാക്കുന്ന മയോണൈസിൽ മുട്ടയിൽ ഉണ്ടാകുന്ന സാൽമൊണെല്ല എന്ന ബാക്ടീരിയ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ബാക്ടീരിയകള്‍ പനി, ഛർദ്ദി, വയറിളക്കം, കഠിനമായ വയറുവേദന, നിർജ്ജലീകരണം എന്നിവ ഉണ്ടാകാൻ കാരണമാകും. അതിനാൽ മയോണൈസ് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക. ഉയർന്ന അളവിൽ കലോറി അടങ്ങിയിട്ടുള്ളതിനാൽ അമിതവണ്ണവും കൊളസ്ട്രാളും ഉള്ള ആളുകള്‍ മയോണൈസ് കഴിക്കുന്നത് നല്ലതല്ല. പാകംചെയ്ത മാംസം വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. മയോണൈസ് അതത് ദിവസത്തേക്ക് മാത്രം തയാറാക്കുക. ഭക്ഷണം പാകം ചെയ്യുന്നവരും വിളമ്പുന്നവരും ശുചിത്വം പാലിക്കുക.