ഇന്നത്തെ കാലത്ത് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം ഉപഭോക്താക്കളുടെയും ഫോണിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു ആപ്പാണ് ഗൂഗിൾ പേ. പ്രധാനമായും പണമിടപാടുകൾ നടത്താനാണ് നമ്മൾ ഗൂഗിൾ പേ ഉപയോഗിക്കുന്നത്. നമ്മുടെ ബാങ്ക് അക്കൗണ്ടും ഫോൺ നമ്പറും ആപ്പുമായി ബന്ധിപ്പിച്ചാണ് ഈ ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നത്. നമ്മുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നേരിട്ട് പിൻവലിച്ച് പണമിടപാട് നടത്താം എന്നതാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. അതേ സമയം പണം അയയ്ക്കാൻ മാത്രമല്ല മറ്റ് നിരവധി കാര്യങ്ങൾക്കും ഗൂഗിൾ പേ ഉപയോഗിക്കാം എന്ന കാര്യം നിങ്ങൾക്ക് അറിയാമോ?
ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം. പണം അയയ്ക്കുക അല്ലാതെ ഗൂഗിൾ പേ കൊണ്ട് ഉണ്ടാകുന്ന ഒരു ഉപയോഗമാണ് നമ്മുടെ സിബിൽ സ്‌കോർ ചെക്ക് ചെയ്യാം എന്നത്. സിബിൽ സ്‌കോർ എന്താണ് ? ഉപഭോക്താവിന്റെ മുൻകാല സാമ്പത്തിക ബാധ്യതകൾക്കും തിരിച്ചടവ് ചരിത്രത്തിനും ബാങ്കുകൾ നൽകുന്ന ഒരു സ്‌കോർ ആണ് സിബിൽ സ്‌കോർ. നിങ്ങൾ ലോണിന് അപേക്ഷിക്കാനായി ബാങ്കുകളെ സമീപിച്ചാൽ ഇവർ ആദ്യം പരിശോധിക്കുന്നത് നമ്മുടെ സിബിൽ സ്‌കോർ ആയിരിക്കും. ലോണായി വാങ്ങുന്ന പണം തിരിച്ചടയ്ക്കാനുള്ള ശേഷി ഇയാൾക്ക് ഉണ്ടോ എന്ന് പരിശോധിക്കാലാണ് സിബിൽ സ്‌കോർ കൊണ്ട് ഉദ്ദേശിക്കുന്നത്. സിബിൽ സ്‌കോർ താഴ്ന്ന വ്യക്തിക്ക് ലോൺ കിട്ടാൻ പ്രയാസമായിരിക്കും. പ്രധാനമായും 300 നും 900 നും ഇടയിലാണ് സിബിൽ സ്‌കോർ പ്ലേസ് ചെയ്യുക. ഇതിൽ 750-ന് മുകളിലുള്ള സ്‌കോറുകളാണ് മികച്ച സ്‌കോറായി കണക്കാക്കുന്നത്. ഗൂഗിൾ പേയിലൂടെ എങ്ങനെയാണ് സിബിൽ സ്‌കോർ പരിശോധിക്കുന്നത് എന്ന് വിശദമാക്കാം.
ഇതിനായി ആദ്യം നിങ്ങൾ ഗൂഗിൾ പേ ആപ്പ് തുറക്കുക. ഇപ്പോൾ ഗൂഗിൾ പേ വഴി നടത്തിയ പേയ്‌മെന്റുകൾ എല്ലാം നിങ്ങൾക്ക് കാണാൻ സാധിക്കുന്നതായിരിക്കും. ഇവിടെ നിന്ന് താഴെക്ക് സ്‌ക്രോൾ ചെയ്യുക. ഏറ്റവും താഴെ എത്തുമ്പോൾ മൂന്ന് ഓപ്ഷനുകൾ കാണാൻ സാധിക്കും. ഇതിൽ ആദ്യത്തെ ഓപ്ഷൻ നിങ്ങളുടെ സിബിൽ സ്‌കോർ സൗജന്യമായി പരിശോധിക്കാനുള്ളതാണ്. ഇതിൽ ക്ലിക്ക് ചെയ്ത് പാൻ വിവരങ്ങൾ ചേർത്താൽ നിങ്ങൾക്ക് നിങ്ങളുടെ സിബിൽ സ്‌കോർ അറിയാൻ സാധിക്കും. നിങ്ങൾ നേരത്തെ തന്നെ പാൻ വിവരങ്ങൾ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ നേരിട്ട് സിബിൽ സ്‌കോർ കാണാൻ സാധിക്കുന്നതായിരിക്കും. ഗൂഗിൾ പേയുടെ മറ്റൊരു ഫീച്ചറാണ് ഈ ആപ്പിനെ നമ്മുക്ക് ട്രൂക്കോളറിന് സമാനമായി പ്രവർത്തിപ്പിക്കാം എന്നത്. അതായത് പരിജയമില്ലാത്ത നമ്പറുകളിൽ നിങ്ങൾക്ക് ഫോൺ കോളുകൾ വന്നിട്ടുണ്ടെങ്കിൽ ഈ നമ്പർ പരിശോധിക്കാനായി ഗൂഗിൾ പേയുടെ സർച്ച് ബാറിൽ ഈ നമ്പർ ഡയൽ ചെയ്താൽ മതിയാകും.
ഈ നമ്പർ ഏതെങ്കിലും യുപിഐ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ രജിസ്റ്റർ ചെയ്ത ആളുടെ പേര് ഇവിടെ കാണാൻ സാധിക്കുന്നതായിരിക്കും. എന്നാൽ യുപിഐ ആപ്പിൽ രജിസ്റ്റർ ചെയ്യാത്ത നമ്പർ ആണെങ്കിൽ ഇത് പ്രാവർത്തികമാകില്ല. ആയതിനാൽ തന്നെ ചില സാഹചര്യങ്ങളിൽ ഒരു പാതി ട്രൂക്കോളർ ആയി നമ്മുക്ക് ഗൂഗിൾ പേ ഉപയോഗിക്കാവുന്നതാണ്. ഗൂഗിൾ പേയിൽ നമുക്ക് നമ്മുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കാം. ഇതിനായി ആദ്യം സിബിൽ സ്‌കോർ അറിയാനായി ചെയ്ത കാര്യങ്ങൾ തന്നെ ചെയ്യുക. ഇപ്പോൾ കാണുന്ന സിബിൽ സ്‌കോറിന്റെ താഴെയായി സീ ഫുൾ റിപ്പോർട്ട് എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്താൽ നിരവധി ഓപ്ഷനുകൾ കാണാം. ഇതിൽ ക്രെഡിറ്റ് മിക്‌സ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾ ഇതുവരെ എടുത്ത എല്ലാ ലോണുകളും അതിന്റെ ഇടപാടുകളും കാണാൻ സാധിക്കുന്നതാണ്.