ന്യൂഡല്‍ഹി : ഉന്നത പഠനരംഗത്ത് എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാനും തല്പര്യം തോന്നാത്ത സാഹചര്യം വന്നാല്‍ ഉടന്‍ തന്നെ കോഴ്‌സ് പഠനം ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് തിരിയാനും അവസരം നല്‍കുന്ന പുതിയ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉന്നത വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റമാണിതെന്ന് വിശേഷിപ്പിച്ച നരേന്ദ്രമോദി അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പദ്ധതിക്കാണ് തുടക്കമിട്ടത്. ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്.
രാജ്യത്തെ മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകള്‍ക്ക് ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളില്‍ അഖിലേന്ത്യാ ക്വാട്ട പദ്ധതി പ്രകാരം ഒ.ബി.സി വിഭാഗത്തിന് 27 ശതമാനവും സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് (ഇ.ഡബ്ല്യു.എസ് ) 10 ശതമാനവും സംവരണം ഉണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
എഞ്ചിനീയറിംഗ് കോഴ്സുകള്‍ 11 പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനുള്ള പദ്ധതിയും വികസിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇത് പ്രത്യേകിച്ചും പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.