തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസിനെ അടുമുടി ഉടച്ചുവാര്‍ക്കാന്‍ ഹൈക്കമാന്‍ഡ് ഒരുങ്ങുന്നതായി സൂചന. മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കി പകരം കെ മുരളീധരനെ അധ്യക്ഷനാക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് അടുത്തയാഴ്ച അന്തിമ തീരുമാനം ഉണ്ടാകും.
പ്രതിപക്ഷ നേതൃസ്ഥാനത്തും മാറ്റമുണ്ടാകും. പി.ടി തോമസിനെ പ്രതിപക്ഷ നേതാവാക്കാനാണ് ധാരണ. പിണറായി വിജയനെന്ന മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടി നല്‍കാന്‍ പ്രതിപക്ഷത്ത് കരുത്തനായ നേതാവ് തന്നെ വേണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ആഗ്രഹം.
ഇതാണ് പിടി തോമസിന് തന്നെ നറുക്ക് വീഴുന്നത്. കെ സുധാകരന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനമോ പാര്‍ട്ടി തലപ്പത്ത് പുതിയൊരു പദവിയോ പരിഗണിച്ചേക്കാം. 20 നു എത്തുന്ന ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ എംഎല്‍എമാരെ കണ്ട് നേരിട്ട് ചര്‍ച്ച നടത്തും. പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വത്തെയും അന്നു തെരഞ്ഞെടുക്കും. പ്രത്യക്ഷത്തില്‍ തീവ്ര ഗ്രൂപ്പുകാരെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള പരീക്ഷണത്തിനാണ് എഐസിസിയുടെ പരിഗണന. മൂന്നു പേരും തീവ്ര ഗ്രൂപ്പുകാരല്ല, അതേസമയം ഗ്രൂപ്പുകള്‍ക്ക് മൂന്നുപേരോടും കടുത്ത ശത്രുതയുമില്ല.
ഇതിനിടെ പ്രതിപക്ഷ നേതൃ സ്ഥാനത്തിനായി തിരക്കിട്ട കരുനീക്കങ്ങളുമായി വിഡി സതീശന്‍ എംഎല്‍എ രംഗത്തുണ്ടായിരുന്നു. 7 എംഎല്‍എമാരുടെ പിന്തുണയാണ് സതീശന്‍ പ്രതീക്ഷിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിനെയും കോണ്‍ഗ്രസ് നേതാക്കളെയും വിമര്‍ശിച്ച് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ നേതാവെന്നതാണ് സതീശന് ദോഷം ചെയ്തത്. അത്തരം നേതാക്കളെ ഉന്നത പദവികളിലെത്തിക്കുന്നത് തെറ്റായ സന്ദേശം സൃഷ്ടിക്കുമെന്നു നേതൃത്വം വിലയിരുത്തുന്നു. മാത്രമല്ല എ, ഐ ഗ്രൂപ്പുകള്‍ ഒരേപോലെ എതിര്‍ക്കുന്ന പേര് വിഡി സതീശന്റേതാണ്. ഗ്രൂപ്പുകളെ പൂര്‍ണമായി പിണക്കിക്കൊണ്ടുള്ള തീരുമാനം ഗുണം ചെയ്യില്ലെന്നു തന്നെയാണ് ദേശീയ നേതൃത്വം വിലയിരുത്തുന്നത്.
മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്കും താല്‍പര്യം പിടി തോമസിനോടാണ്. എക്കാലവും യുഡിഎഫിന്റെ പിന്‍ബലമായിരുന്ന ക്രൈസ്തവ സഭകളുടെ പിന്തുണയും പിടി തോമസിന് ലഭിക്കും. ഇത്തവണ തൃക്കാക്കരയില്‍ ശക്തമായ പിന്തുണയാണ് സഭ തോമസിന് നല്‍കിയത്. സഭയുമായി പഴയ പിണക്കം തോമസിനില്ല. കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഏതാനും ഗ്രൂപ്പ് മാനേജര്‍മാര്‍ ഒഴികെ പാര്‍ട്ടിയിലെ ബഹൂഭൂരിപക്ഷം നേതാക്കളും പറയുന്ന പേര് കെ മുരളീധരന്റേതാണ്. മുരളീധരന്റെ ജനപിന്തുണ പാര്‍ട്ടി പ്രയോജനപ്പെടുത്തണമെന്ന അഭിപ്രായത്തിനാണ് കോണ്‍ഗ്രസിലും യുഡിഎഫ് ഘടകകക്ഷികള്‍ക്കിടയിലും മുന്‍തൂക്കം.
കെ സുധാകരനെ യുഡിഎഫ് കണ്‍വീനറാക്കണമെന്നാണ് അഭിപ്രായം. എന്നാല്‍ സുധാകരന്‍ അതിനു വഴങ്ങുമോ എന്ന് വ്യക്തമല്ല. അങ്ങനെ വന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയോ വിഡി സതീശനെയോ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കും. പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയുന്ന രമേശ് ചെന്നിത്തലയെ വീണ്ടും കെപിസിസി അധ്യക്ഷനാക്കണമെന്ന മറ്റൊരു നിര്‍ദ്ദേശവും പരിഗണനയിലുണ്ട്. ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന 9 വര്‍ഷവും പാര്‍ട്ടി പരാജയം അറിഞ്ഞിട്ടില്ലെന്നതാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്ന ചെന്നിത്തലയെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് കൂടുതല്‍ സാധ്യത. കര്‍ണാടകയുടെ ചുമതലയും ചെന്നിത്തലയ്ക്ക് നല്‍കും. ഇനി പാര്‍ട്ടി ദേശീയ തലത്തില്‍ ശക്തിപ്പെടുത്താന്‍ ചെന്നിത്തലയെ ഉപയോഗിക്കണമെന്നാണ് പൊതുവിലയിരുത്തല്‍. കേരളത്തില്‍ പാര്‍ട്ടി ഒരു ഉടച്ചുവാര്‍ക്കലിന് തയ്യാറായില്ലെങ്കില്‍ അടുത്തകാലത്തൊന്നും തിരിച്ചുവരവുണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കമാന്‍ഡിന്റെ അടിയന്തര ഇടപെടല്‍. അടുത്തയാഴ്ച തന്നെ പുതിയ നേതാക്കളുടെ പ്രഖ്യാപനവും വന്നേക്കും. നേതൃമാറ്റം സംബന്ധിച്ച അന്തിമ തീരുമാനത്തിനായി ഹൈക്കമാന്റ് പ്രതിനിധികളായ മല്ലികാര്‍ജുന ഗാര്‍ഗെയും വൈദ്യലിംഗവും 20 നാണ് കേരളത്തിലെത്തുക .