കല്പറ്റ: വയനാട് ചുരത്തിനുമുകളിലൂടെ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പിപിപി) റോപ്‌വേ പദ്ധതിക്ക് വഴിയൊരുങ്ങുന്നു. പദ്ധതി നടപ്പാക്കാന്‍ കെഎസ്ഐഡിസിക്ക് (കേരള സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ ഡിവലപ്മെന്റ് കോര്‍പ്പറേഷന്‍) സര്‍ക്കാര്‍ അനുമതി നല്‍കി. വയനാട് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേണ്‍ ഘാട്ട്സ് ഡിവലപ്മെന്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് പദ്ധതി ഒരുങ്ങുന്നത്. വയനാട് ചുരത്തിന്റെ അടിവാരത്ത് ഒന്നാം വളവിനോടുചേര്‍ന്നുള്ള പ്രദേശത്തുനിന്ന് തുടങ്ങി മുകളില്‍ ലക്കിടിയില്‍ അവസാനിക്കുന്ന രീതിയിലായിരിക്കും റോപ്‌വേ. വനംവകുപ്പില്‍നിന്നുള്ള അനുമതിയാണ് പദ്ധതിക്ക് ഇനിവേണ്ടത്. അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങി.
റോപ്‌വേ കടന്നുപോകുന്ന 3.9 കിലോമീറ്റര്‍ ദൂരത്തില്‍ ഒരുകിലോമീറ്ററിലധികം ഭാഗം വനമേഖലയിലൂടെയാണ്. ഇതിനുപകരമായി അഞ്ചേക്കര്‍ഭൂമി നൂല്‍പ്പുഴയില്‍ വനംവകുപ്പിന് കൈമാറി. വയനാടിന്റെ ടൂറിസം, അടിസ്ഥാനസൗകര്യവികസനത്തിന് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. 2023 ഒക്ടോബര്‍ 20-ന് ചേര്‍ന്ന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് യോഗമാണ് റോപ്‌വേ പദ്ധതിനിര്‍ദേശം പരിഗണിച്ചത്. പിന്നീട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥതലയോഗം പദ്ധതി പഠിച്ച് പിപിപി മോഡലില്‍ നടപ്പാക്കാന്‍ കെഎസ്ഐഡിസി എംഡിക്ക് നിര്‍ദേശം നല്‍കി. 2017 മുതല്‍ വെസ്റ്റേണ്‍ ഘാട്ട്സ് ഡിവലപ്മെന്റ് സൊസൈറ്റി രൂപവത്കരിച്ച് റോപ്‌വേക്കുവേണ്ടി ശ്രമിക്കുന്നു.
ഒരേസമയം നാനൂറോളം പേര്‍ക്ക് യാത്രചെയ്യാം. വയനാട് ചുരത്തിനുമുകളിലൂടെ റോപ്‌വേ പദ്ധതിക്കുവേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2017-ലാണ് ഈ ലക്ഷ്യത്തോടെ വെസ്റ്റേണ്‍ ഘാട്ട്സ് ഡിവലപ്മെന്റ് സൊസൈറ്റി രൂപവത്കരിച്ചത്. ലക്കിടിയില്‍ ഒന്നരയേക്കര്‍ഭൂമിയും അടിവാരത്ത് പത്തേക്കര്‍ ഭൂമിയും പദ്ധതിയുടെ ടെര്‍മിനലുകള്‍ക്കായി വെസ്റ്റേണ്‍ ഘാട്ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ലോവര്‍ ടെര്‍മിനലിനാവശ്യമായ ഒരേക്കര്‍ഭൂമി കൈമാറാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പിപിപി മാതൃകയില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ കെഎസ്ഐഡിസിക്ക് അനുമതിനല്‍കിയത്.
ഭൂമി റവന്യൂവകുപ്പിനും പിന്നീട് കെഎസ്ഐഡിസിക്കും കൈമാറുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും ഉത്തരവിലുണ്ട്. ടെര്‍മിനലുകള്‍ക്കുവേണ്ടിയുള്ള സ്ഥലത്ത് പാര്‍ക്ക്, സ്റ്റാര്‍ ഹോട്ടല്‍, കഫ്റ്റീരിയ, ആംഫി തിയേറ്റര്‍, ഓഡിറ്റോറിയം എന്നിവയാരംഭിക്കും. ടൂറിസം സാധ്യതകള്‍കൂടി പ്രയോജനപ്പെടുത്തി ലക്കിടിയില്‍നിന്ന് വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളിലൂടെയും കോഴിക്കോട്ടുനിന്ന് അടിവാരംവരെയും പ്രത്യേകം ബസ് സര്‍വീസുകളും ഉണ്ടാകും. നടപ്പായാല്‍ രാജ്യത്തുതന്നെയുള്ള വലിയ റോപ്‌വേകളില്‍ ഒന്നായിരിക്കുമിത്. 22-ന് മുഖ്യമന്ത്രി പിണറായി വിജയനുമായി വെസ്റ്റേണ്‍ ഘാട്ട്സ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുമെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. ഇ.പി. മോഹന്‍ദാസ് പറഞ്ഞു.