കൊച്ചി : കൊച്ചി വൈറ്റിലയിൽ നിർമ്മാണ പിഴവിനെ തുടർന്ന് അപകടാവസ്ഥയിലായ ഫ്ളാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകൾ പൊളിച്ച് മാറ്റാൻ ഉത്തരവിട്ട് ഹൈക്കോടതി. സൈനികർക്കായി നിർമ്മിച്ച ഫ്ളാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകളാണ് പൊളിച്ചുമാറ്റാൻ ഉത്തരവായത്. ഫ്ളാറ്റ് സമുച്ചയത്തിലെ ബി,സി ടവറുകളാണ് പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കാൻ കോടതി ഉത്തരവിട്ടത്. ഫ്ളാറ്റുകളുടെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി താമസക്കാർ തന്നെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ചന്ദർ കുഞ്ച് എന്ന ഫ്ളാറ്റ് സമുച്ചയത്തിൽ മൂന്ന് ടവറുകളാണുള്ളത്.
സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ എന്നിവർക്കായിട്ടാണ് 2018ൽ ഫ്ളാറ്റ് നിർമ്മിച്ചത്. അപകടാവസ്ഥയിലുള്ള രണ്ട് കെട്ടിടങ്ങളിൽ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് ടവറുകൾ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന് കോടതി നിർദ്ദേശം നൽകി. പൊളിച്ച് നിൽക്കുന്നതിനും പുതിയത് പണിയുന്നതിനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണമെന്നും നിലവിലുള്ള ഫ്ളാറ്റുകളുടെ അതേ സൗകര്യവും വലിപ്പവും പുതുതായി നിർമ്മിക്കുന്ന ഫ്ലാറ്റുകൾക്ക് വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഫ്ളാറ്റുകളുടെ നിർമ്മാണം പൂർത്തിയാകുന്നതുവരെ താമസക്കാർക്ക് പ്രതിമാസ വാടക നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. 21000 മുതൽ 23000 വരെ രൂപ മാസ വാടക ഇനത്തിൽ നൽകണമെന്നാണ് കോടതി നിർദ്ദേശം.