കൊച്ചി: ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ചിത്രത്തിന്റെ പേരുമാറ്റവിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ജാനകി ഒരു പൊതുവായ പേരല്ലേ എന്നും പേരിനെന്താണ് കുഴപ്പെമെന്നും കോടതി ചോദിച്ചു. മതപരമായ രൂപത്തിൽ പേര് ഇടുന്നത് കാരണം മാറ്റാൻ നിർദേശിച്ചു എന്നാണ് സെൻസർബോർഡിന്റെ വാദം. സമാനമായ പേരില്‍ മുമ്പും മലയാളത്തിലടക്കം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത കുഴപ്പം ഇപ്പോഴുണ്ടാവുന്നു. അതിന്റെ സാഹചര്യം എന്താണെന്നും കോടതി ചോദിച്ചു. ജാനകി എന്ന പേര് ഒരു മതത്തിന്റേതായി മാറ്റുന്നത് എന്തിനാണെന്നും കോടതി പറഞ്ഞു.
ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളായ കോസ്മോസ് എന്റര്‍ടെയ്ന്‍മെന്റ്സാണ് ഹൈക്കോടതിയെ സമീപ്പിച്ചത്. ജൂണ്‍ 12-ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലഭിച്ചില്ലെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ‘ജാനകി’ എന്നായതാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കാന്‍ കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിനിമയുടെ ടീസറിന് ഇതേ പേരിൽ അനുമതി നൽകിയെന്ന് ഹർജിക്കാർ പറഞ്ഞു.