കൊച്ചി: സ്ത്രീകൾ അവരുടെ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്ന് കേരള ഹൈക്കോടതി. വിവാഹമോചന കേസിൽ കുടുംബ കോടതി നടത്തിയ പുരുഷാധിപത്യ നിരീക്ഷണങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു കേരള ഹൈക്കോടതിയുടെ പരാമർശം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റേതായിരുന്നു പരാമർശം. വിവാഹമോചനത്തിനായി ഭാര്യ നൽകിയ പരാതിയെ കാലങ്ങൾ കൊണ്ട് സംഭവിക്കുന്ന സാധാരണ വിരക്തിയാണെന്നായിരുന്നു കുടുംബ കോടതി പരാമർശിച്ചത്. വിവാഹ ജീവിതത്തിന്‍റെ വിശുദ്ധി സംരക്ഷിച്ചുകൊണ്ട് ഇരുവരും അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെക്കണമെന്നും തൃശൂരിലെ കുടുംബകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കുടുംബകോടതിയുടെ നിരീക്ഷണങ്ങൾ അങ്ങേയറ്റം പുരുഷാധിപത്യപരമാണെന്നും നിലവിലെ സാഹചര്യങ്ങൾ ഇപ്രകാരമല്ല മുന്നോട്ടുപോകുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം വിഷയത്തിൽ തന്‍റെ അമ്മക്കും ഭർതൃമാതാവിനും എന്താണ് പറയാനുള്ളതെന്ന് കേൾക്കാൻ യുവതിയെ കോടതി വിളിപ്പിച്ചിരുന്നുവെന്ന് ഭർത്താവിന് വേണ്ടി വാദിച്ച അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഒരു സ്ത്രീയുടെ തീരുമാനം അവരുടെ അമ്മയെയോ അമ്മായിഅമ്മയുടെയോ വാക്കുകളാൽ സ്വാധീനിക്കപ്പെടേണ്ടതില്ലെന്നും സ്ത്രീ ആരുടെയും അടിമയല്ലെന്നും കോടതി വ്യക്തമാക്കി. കോടതിക്ക് പുറത്തുവെച്ച് തീർപ്പാക്കാവുന്ന വിഷയമാണെന്ന അഭിഭാഷകന്‍റെ പരാമർശത്തെയും കോടതി വിമർശിച്ചു. യുവതിയും കോടതിക്ക് പുറത്തുവെച്ച് വിഷയം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയാൽ മാത്രമേ ഔട്ട് ഓഫ് കോർട്ട് സെറ്റിൽമെന്‍റിന് അനുമതി നൽകൂവെന്ന് കോടതി പറഞ്ഞു.