കൊച്ചി: പത്തനംതിട്ട ഇലവുങ്കലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഇടപെട്ട് ഹൈക്കോടതി. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. വിഷയം നാളെ ഹൈക്കോടതി പരിഗണിക്കും. ഇലവുങ്കല്‍ നാറാണന്‍ തോടിന് സമീപം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന 9 കുട്ടികളടക്കം 64 പേരാണ് ബസിലുണ്ടായിരുന്നത്.
തമിഴ്‌നാട് മൈലാടുതുറൈ ജില്ലയിലെ മായാരം സ്വദേശികളാണ് ഇവര്‍. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ശബരിമല തീര്‍ത്ഥാടകരും പ്രദേശവാസികളും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ ബാലസുബ്രഹ്മണ്യന്‍ അടക്കം 17 ആളുകളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ 42 പേര്‍ ചികിത്സയിലുണ്ട്.