കൊച്ചി : വിഴിഞ്ഞം തുറമുഖത്തേക്കുള്ള പ്രധാന റോഡിൽ സമരക്കാർ ഉണ്ടാക്കിയ തടസ്സം ഒഴിവാക്കാൻ നടപടി എടുക്കണമെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സമരപ്പന്തൽ പൊളിക്കാതെ മുന്നോട്ടു പോകാൻ ആകില്ല എന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഇത് പരിഗണിച്ചാണ് വാഹനങ്ങൾ പോകുന്നതിന് തടസ്സം ഉണ്ടാക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കിയത്.
പോലീസ് സുരക്ഷയില്ലാത്തതിനാൽ തുറമുഖ നിർമാണം നിലച്ചെന്നാരോപിച്ചാണ് കോടതിയലക്ഷ്യ ഹർജിയുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ എത്തിയത്. ഹർജിയിൽ കോടതി നേരത്തെ സർക്കാരിന്‍റെ വിശദീകരണം തേടിയിരുന്നു. പദ്ധതി തടസ്സപ്പെടുത്താൻ പ്രതിഷേധക്കാർക്ക് അവകാശമില്ലെന്നും തുറമുഖ നിർമാണത്തിന് മതിയായ സുരക്ഷയൊരുക്കണമെന്നും സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. പോലീസ് സുരക്ഷയൊരുക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു.