എരുമേലി : തീര്‍ഥാടന കാലത്തിന്റെ ആദ്യ ദിവസം തന്നെ എരുമേലിയില്‍ എത്തിയത് ആയിരക്കണക്കിന് തീര്‍ഥാടകര്‍. വെള്ളിയാഴ്ചയും ഇന്നുമായി ആയിരക്കണക്കിന് അയ്യപ്പന്മാരാണ് എത്തിയത്. കൂടുതല്‍ തീര്‍ഥാടക വാഹനങ്ങളും എരുമേലിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം പേട്ടതുള്ളുമ്പോള്‍ ഉപയോഗിക്കുന്ന ശരക്കോലിനും വാളിനും കച്ചയ്ക്കുമെല്ലാം വില വര്‍ധിപ്പിച്ചതില്‍ അയ്യപ്പ സംഘടനകളും പ്രതിഷേധത്തിലാണ്. ഒന്നോ രണ്ടോ രൂപാ മാത്രം നര്‍മാണ ചിലവു വരുന്ന കിരീടത്തിനു പോലും ഉയര്‍ന്ന വില നല്‍കേണ്ട അവസ്ഥയുണ്ടെന്നു അയ്യപ്പ സംഘടനകള്‍ പറയുന്നു. വില വര്‍ധനവിനെതിരെ ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്തു വന്നു.
വെറും രണ്ട് രൂപയില്‍ താഴെ മൊത്തവിലയുള്ള ശരം, കച്ച, ഗദ, കുങ്കുമം, കിരീടം, വാള്‍ എന്നിവയ്ക്ക് ശരാശരി 35 രൂപയോളം ആണ് അധികൃതര്‍ നിശ്ചയിച്ചു നല്‍കിയിരിക്കുന്നത്. അയ്യപ്പ ഭക്തരെ കൊള്ളയടിക്കാനുള്ള ഈ നിരക്ക് അംഗീകരിക്കില്ലെന്നാണ് ബി.ജെ.പി. നിലപാട്. പേട്ടതുള്ളല്‍ സാമഗ്രികളുടെ വില കച്ചവട ലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അമിതമായി ഉയര്‍ത്തിയത് വഴി അയ്യപ്പഭക്തരെ കൊള്ളയടിക്കാന്‍ കലക്ടര്‍ ഒത്താശ ചെയ്യുകയാണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു.
എന്നാല്‍ അമിതമായ വാടകയിലാണ് കടകള്‍ പ്രവര്‍ത്തിക്കുന്നതെന്നും കടയുടെ നിര്‍മാണം, വൈദ്യുതീകരണം, തൊഴിലാളികളുടെ ശമ്പളം തുടങ്ങി ചിലവേറെയാണന്നും താത്കാലിക കച്ചവടക്കാര്‍ പറയുന്നു. വില വര്‍ധനവ് തങ്ങള്‍ക്കു ആശ്വാസം പകരുന്നതാണെന്നും വ്യാപാരികളുടെ നിലപാട്. പമ്പയില്‍ ശരക്കോലിനും കച്ചയ്ക്കും 10 രൂപയാണ് നിരക്കെന്നും എരുമേലിയില്‍ ഭക്തരെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്നുമാണ് ഹൈന്ദവ സംഘടനകൾ പറയുന്നു.