ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്താന് കനത്ത തിരിച്ചടി നല്‍കാന്‍ വ്യോമ നാവിക സേനകള്‍ സജ്ജമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ പാകിസ്താന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ എ.പി. സിങ്ങും നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെവ്വേറെ കണ്ടിരുന്നു. ഈ കൂടികാഴ്ചകളിലാണ് പാകിസ്താനെതിരായ സൈനിക നടപടികള്‍ക്ക് സേനാവിഭാഗങ്ങള്‍ സജ്ജമാണെന്ന് സേനാ മേധാവികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. കൂടിക്കാഴ്ചയെ സംബന്ധിച്ച് ഔദ്യോഗികമായ വാര്‍ത്താക്കുറിപ്പുകള്‍ സര്‍ക്കാര്‍ ഇറക്കിയിട്ടില്ല.
ഇതിനിടെ അതിവേഗ ആക്രമണത്തിന് വ്യോമസേനാ റഫാല്‍ പോര്‍ വിമാനങ്ങള്‍ സജ്ജമാക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. റഫാല്‍ പോര്‍ വിമാനങ്ങളില്‍നിന്ന് സ്‌കാല്‍പ്പ്, മീറ്റിയോര്‍, ഹാമ്മര്‍ മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തേക്ക് തൊടുക്കാന്‍ കഴിയും. 450 കിലോ പോര്‍മുന വഹിച്ച് 300 കിലോമീറ്റര്‍ ദൂരത്തില്‍ ആക്രമണംനടത്താൻ ശേഷിയുള്ളതാണ് റഫാലില്‍നിന്ന് തൊടുക്കാന്‍കഴിയുന്ന എയര്‍-ടു-ഗ്രൗണ്ട് സ്‌കാല്‍പ്പ് മിസൈലുകള്‍. 120 മുതല്‍ 150 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ശേഷിയുള്ളതാണ് എയര്‍-ടു-എയര്‍ മീറ്റിയോര്‍ മിസൈലുകള്‍. പാകിസ്താൻ യുദ്ധവിമാനങ്ങളെ നേരിടാന്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ക്ക് ഇതിലൂടെ സാധിക്കും.
ഇതിനിടെ പടിഞ്ഞാറന്‍ മേഖലയിലെ എയര്‍ ബേസുകളിലെ ഓപ്പറേഷന്‍ റെഡിനെസ്സ് പ്ലാറ്റഫോമുകളുടെ എണ്ണം വ്യോമസേന വര്‍ദ്ധിപ്പിച്ചു. ഇതോടെ എപ്പോള്‍ വേണമെങ്കിലും ടേക് ഓഫ് ചെയ്യാന്‍ പാകത്തിന് മിസൈലുകള്‍ ഉള്‍പ്പടെ സജ്ജമാക്കിയ രണ്ടോ മൂന്നോ പോര്‍ വിമാനങ്ങള്‍ എയര്‍ ബേസിന് സമീപത്തെ ഈ പ്ലാറ്റ്ഫോമുകളില്‍ സജ്ജമാക്കി നിറുത്തിയിരിക്കുകയാണ്. അതിര്‍ത്തിയില്‍ വ്യോമസേനാ വിമാനങ്ങള്‍ നിരന്തരം പട്രോളിങ്ങും നടത്തുന്നുണ്ട്. നാവികസേനയും തിരിച്ചടിക്ക് സജ്ജമായി അറേബ്യന്‍ കടലില്‍ യുദ്ധ കപ്പലുകള്‍ വ്യന്യസിച്ചിട്ടുണ്ട്. സമുദ്ര പട്രോളിങ് വിമാനങ്ങളും കപ്പല്‍ സഹായക വിമാനങ്ങളുമുള്ള വെസ്റ്റേണ്‍ ഫ്‌ലീറ്റിന്റെ എല്ലാ പ്രവര്‍ത്തനക്ഷമമായ മുന്‍നിര യുദ്ധക്കപ്പലുകളും കടലില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.