കൊച്ചി: റോഡപകടങ്ങളില്‍ പരുക്കേറ്റയാളുകളെ ആശുപത്രിയിലെത്തിക്കുന്നവരെ കേസില്‍ പ്രതിയാക്കിയാല്‍ പരുക്കേറ്റവര്‍ റോഡില്‍ രക്തം വാര്‍ന്നു മരിക്കുന്ന ദുഃസ്ഥിതിയുണ്ടാകുമെന്ന് ഹൈക്കോടതി. ഇങ്ങനെ സംഭവിച്ചാല്‍ സഹായിക്കുന്നതിന് ജനങ്ങള്‍ രണ്ട് വട്ടം ആലോചിക്കും. കോട്ടയം അതിരമ്പുഴ സ്വദേശിയായ അലക്സാണ്ടര്‍ കുര്യന്‍ ബൈക്കപകടത്തില്‍ മരിച്ച സംഭവത്തില്‍ കോട്ടയം എംഎസിടി നഷ്ടപരിഹാരം നിഷേധിച്ചതിനെതിരെ അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് സോഫി തോമസിന്റേതാണ് പരാമര്‍ശം.
2010 ല്‍ കടുത്തുരുത്തിക്ക് സമീപം വെച്ച് അലക്സാണ്ടറുടെ ബൈക്ക് എതിരെവന്ന ഓട്ടോയിലിടിച്ചാണ് അപകടമുണ്ടായതെന്നും ഇന്‍ഷ്വറന്‍സ് കമ്പനി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ബന്ധുക്കള്‍ ട്രൈബ്യൂണലില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ ഓട്ടോയിലിടിച്ചല്ല അപകടമുണ്ടായതെന്നും പരുക്കേറ്റ അലക്സാണ്ടറിനെ ആശുപത്രിയില്‍ എത്തിച്ച തന്നെ പേലീസ് അന്യായമായി പ്രതി ചേര്‍ത്തതാണെന്നും ഓട്ടോഡ്രൈവറായ കടുത്തുരുത്തി സ്വദേശി ബാബു ജോസഫ് വ്യക്തമാക്കി. കേസിലെ മറ്റു വസ്തുതകള്‍ കൂടി കണക്കിലെടുത്ത എംഎസിടി നഷ്ടപരിഹാരം നിഷേധിച്ചു.