കൊച്ചി: പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കോടതി റദ്ദാക്കിയാല്‍ ഇതിന്റെ തുടര്‍ച്ചയായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസും റദ്ദാകുമെന്ന് ഹൈക്കോടതി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ വി പി നന്ദകുമാറടക്കമുള്ളവര്‍ക്കെതിരെ വലപ്പാട് പോലീസ് 2002 ല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നാലെ കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമപ്രകാരം ഇ ഡിയും കേസെടുത്തിരുന്നു. ഭൂമിയിടപാടുകേസിലെ കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പായതോടെ കഴിഞ്ഞ ജൂണില്‍ ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട പോലീസ് കേസ് റദ്ദാക്കി. എന്നാല്‍ ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നടപടികള്‍ തുടര്‍ന്നു. തുടര്‍ന്ന് നല്‍കിയ ഹര്‍ജിയിലാണ് ഇ ഡി കേസും നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് രാജവിജയ രാഘവന്‍ വ്യക്തമാക്കിയത്.
പോലീസ് കേസ് റദ്ദാക്കിയെങ്കിലും കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമപ്രകാരം അന്വേഷണം നടത്താന്‍ അധികാരം ഉണ്ടെന്നുമായിരുന്നു ഇഡിയുടെ വാദം. എന്നാല്‍ പ്രധാനകേസ് റദ്ദാക്കിയ സാഹചര്യത്തില്‍ അനുബന്ധ കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിക്കാര്‍ വാദം ഉന്നയിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമത്തില്‍ പറയുന്ന ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളിലൂടെ അനധികൃതമായി സ്വത്തു സമ്പാദിച്ചാലേ ഇഡിയുടെ കേസ് നിലനില്‍ക്കൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്ര്‍റെ കണ്ടെത്തല്‍.