കൊച്ചി: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കോടതിക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം. ഉത്തരവാദിത്വമുള്ള മാധ്യമപ്രവര്‍ത്തന രീതി കോടതി റിപ്പോര്‍ട്ടിങ്ങില്‍ അവലംബിക്കേണ്ടതുണ്ട്. വാദത്തിനിടെ ജഡ്ജി വാക്കാല്‍ നടത്തുന്ന പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ നീതീകരിക്കാനാവാത്ത അഭിപ്രായ പ്രകടനം നടത്തുന്നത് ഹര്‍ജിക്കാരുടെ അന്തസ്സിനെ ബാധിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ വിധിന്യായത്തിലാണ് ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, സിപി മുഹമ്മദ് നിയാസ് എന്നിവരുടെ പരാമര്‍ശങ്ങള്‍. കോടതി മുറിയില്‍ ചര്‍ച്ച ചെയ്ത പല വിഷയങ്ങളും മാധ്യമങ്ങള്‍ ഏറ്റെടുത്ത് ചര്‍ച്ച ചെയ്തു. ചാനല്‍ ചര്‍ച്ചകളില്‍, പ്രിന്റ് മീഡിയയിലെ വിശകലനങ്ങളില്‍, സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിഷയം കൈകാര്യം ചെയ്യുന്നതില്‍ സംയമനം പാലിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.