പത്തനംതിട്ട : ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം വന്നപ്പോള്‍ കൈത്താങ്ങ് പദ്ധതിയുടെ ബലത്തില്‍ പത്തനംതിട്ട ജില്ലയ്ക്ക് വലിയ മുന്നേറ്റം. 14-ാം സ്ഥാനത്ത് നിന്നും 11ലേക്ക് ജില്ല കുതിച്ചു. ഒമ്പത് വര്‍ഷമായി ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ ഏറ്റവും പിന്നിലായി പതിന്നാലാം സ്ഥാനത്തായിരുന്നു പത്തനംതിട്ട ജില്ല. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഡയറ്റിന്റെ സഹകരണത്തോടെ ജില്ലയുടെ പിന്നാക്കാവസ്ഥ മാറ്റുന്നതിനായി കൈത്താങ്ങ് എന്ന പദ്ധതി നടപ്പിലാക്കുകയായിരുന്നു. ജില്ലാപഞ്ചായത്തിനും ഡയറ്റിനും അധ്യാപകര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ് ജില്ല കൈവരിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് പരിശ്രമങ്ങള്‍ ഉണ്ടായെങ്കിലും ഇപ്പോഴാണ് 82.74 ശതമാനം വിജയം നേടി 11-ാം സ്ഥാനത്തെത്തിയത്. 12524 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 10362 കുട്ടികള്‍ വിജയിച്ചു. 585 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഏറ്റവും പിന്നില്‍ കാസര്‍ഗോഡ് ജില്ലയാണ് ( 78.68%) അതിനു മുകളില്‍ പാലക്കാട് ജില്ല (80.29 %). 12-ാം സ്ഥാനത്ത് ആലപ്പുഴ ജില്ലയാണ് (82.46%). എസ്എസ്എല്‍സി പരീക്ഷാഫലം വരുമ്പോള്‍ വര്‍ഷങ്ങളായി സംസ്ഥാനത്ത് ഒന്നാം സ്ഥാനം പത്തനംതിട്ട ജില്ലയ്ക്കാണ്. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലത്തില്‍14 സ്ഥാനവും ആയിരുന്നു. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാണണമെന്ന് ലക്ഷ്യമിട്ടുകൊണ്ട് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് തിരുവല്ല ഡയറ്റിന്റെ സഹകരണത്തോടെയാണ് കൈത്താങ്ങ് പദ്ധതി നടപ്പാക്കിയത്.
ഇതിനായി ജില്ലാ പഞ്ചായത്തിലും കളക്ടറേറ്റിലും ശില്‍പശാലകള്‍ നടന്നു. ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ ഈ ശില്‍പ്പശാലകളില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി. അനിത, അംഗങ്ങളായ എസ്.വി.സുബിന്‍, സാം ഈപ്പന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി. ലാലിക്കുട്ടി, ഫാക്കല്‍റ്റി അംഗങ്ങളായ ഡോ. പി.വി. ശുഭ, റ്റി.ബി. അജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൈത്താങ്ങ് പദ്ധതി നടപ്പാക്കിയത്.
അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. അഷറഫ്, അടൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകന്‍ പി.ആര്‍. ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് പദ്ധതിക്ക് രൂപം നല്‍കി. തുടര്‍ന്ന് തിരുവല്ല ഡയറ്റില്‍ നടന്ന ശില്‍പ്പശാലകളില്‍ 15 വിഷയങ്ങളുടെ തെരഞ്ഞെടുത്ത അധ്യാപകരുടെ ശില്‍പശാല നടന്നു. 15 വിഷയങ്ങള്‍ക്ക് കൈത്താങ്ങ് എന്ന പേരില്‍ പഠനസാമഗ്രികള്‍ തയാറാക്കി. മിക്ക വിഷയങ്ങളും മലയാളത്തിലാണ് തയാറാക്കിയത്. ഇത് പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഏറെ സഹായകരമായിട്ടുണ്ട്. ജനുവരി മുതല്‍ പരീക്ഷ ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് വരെ മിക്ക സ്‌കൂളുകളിലും പ്രത്യേക ക്ലാസുകള്‍ നടന്നു. രാത്രി ക്ലാസുകളും പല സ്‌കൂളുകളിലും നടന്നിരുന്നു. ഇതെല്ലാം വിജയമായെന്നാണ് ജില്ലയുടെ മുന്നേറ്റം കാണിക്കുന്നത്.