ജമ്മുകശ്മീർ : ജമ്മുകാശ്മീരില്‍ സൈന്യം നടത്തുന്ന സ്‌കൂളില്‍ ഹിജാബ് ധരിക്കരുതെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം. വടക്കന്‍ കശ്മീരിലെ ബരാമുള്ളയില്‍ സ്പെഷ്യല്‍ കുട്ടികള്‍ക്കായി സൈന്യം നടത്തുന്ന ദഗ്ഗെര്‍ പരിവാര്‍ സ്‌കൂളിലാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. ”സ്‌കൂള്‍ സമയങ്ങളില്‍ ഹിജാബ് ഒഴിവാക്കണം” എന്ന് അധ്യാപകരോട് ആവശ്യപ്പെടുന്നതാണ് സര്‍ക്കുലര്‍. കര്‍ണാടക ഹിജാബ് നിരോധനത്തിനാണ് സമാനമാണ് ഈ നടപടിയെന്ന് ചൂണ്ടിക്കാട്ടി താഴ്‌വരയില്‍ വലിയ പ്രതിഷേധമാണ് സംഭവത്തില്‍ ഉയരുന്നത്.
എന്നാല്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയെന്നത് ശരിയല്ലെന്നാണ് സൈനീക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍ക്കുലറില്‍ ‘നിഖാബ്’ (കണ്ണൊഴികെ മുഖം മറയ്ക്കുന്നത്) എന്നതിനുപകരം ‘ഹിജാബ്’ (തല മറയ്ക്കുന്നത്) എന്ന വാക്ക് തെറ്റായി എഴുതിയിരിക്കുകയാണെന്ന് സൈന്യം പറഞ്ഞു. സ്പെഷ്യല്‍ കുട്ടികള്‍ക്കുള്ള സ്‌കൂള്‍ ആയതിനാല്‍ നിഖാബ് അധ്യാപനത്തിന് തടസമാകുമെന്നും. ഇത് ഹിജാബ് അല്ല നിഖാബ് ആണ് ഉദ്ദേശിച്ചതെന്നും പ്രതിരോധ വക്താവ് എമ്രോണ്‍ മുസാവി വ്യക്തമാക്കുന്നു. ശ്രവണ വൈകല്യമുള്ളതും ഭിന്നശേഷിക്കാരായതുമായ കുട്ടികള്‍ക്കുള്ള സ്‌കൂളാണിത്. മുഖമുദ്രകള്‍ ഉപയോഗിച്ച് സ്വരസൂചകം പഠിപ്പിക്കണം. ഒരു ടീച്ചര്‍ നിഖാബ് ധരിക്കുകയാണെങ്കില്‍, അവര്‍ എങ്ങനെ പഠിപ്പിക്കും, കുട്ടികള്‍ എന്ത് കാണും. അതുകൊണ്ടാണ് ഈ ഉത്തരവ് പാസാക്കിയത്. സര്‍ക്കുലര്‍ അധ്യാപകര്‍ക്ക് മാത്രമുള്ളതാണെന്നും സൈനീക വക്താവ് വ്യക്തമാക്കി.