ഹിമാചൽ പ്രദേശിലേക്കുള്ള യാത്രയിൽ സാധാരണ സഞ്ചാരികളെ ഏറ്റവും അലട്ടുന്ന പ്രശ്നം ഉയർന്ന ഹോട്ടൽ വാടകയാണ്. മികച്ച വ്യൂ പോയിന്‍റും കാഴ്ചകളുമുള്ള ഇടങ്ങളിൽ താമസിക്കണണെങ്കിൽ കുറച്ചൊന്നും പോരാ വാടക. അതുകൊണ്ടുതന്നെ കുറഞ്ഞ നിരക്കിൽ സാധാരണ താമസ സൗകര്യങ്ങളാണ് യാത്രികർ തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇപ്പോൾ ഹിമാചലിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ ഹിമാചൽ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ വമ്പൻ ഓഫർ മുതലാക്കാം. ഹിമാചലിൽ കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് ടൂറിസത്തിൽ വൻ തകർച്ചയാണ് സംസ്ഥാനം നേരിടുന്നത്. മുൻകൂട്ടി ചെയ്ത ബുക്കിങ്ങുകളടക്കം സഞ്ചാരികൾ റദ്ദാക്കിയതോടെയാണ് സംസ്ഥാനത്തേയ്ക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുവാൻ ടൂറിസം വകുപ്പ് ഹോട്ടൽ ബുക്കിങ്ങിൽ 50 ശതമാനം വരെ ഇളവ് നല്കുന്നത്. ഹിമാചൽ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ കീഴിലുള്ള മഴയും പ്രളയവും ബാധിക്കാത്ത ഇടങ്ങളിലെ ഹോട്ടലുകളിലേക്കാണ് ഓഫർ.
എച്ച് പി ടി ഡി സിയ്ക്ക് കീഴിലെ ഹോട്ടലുകളിൽ സെപ്റ്റംബർ 15 വരെ ഓഫർ ലഭ്യമാണ്. മഴക്കെടുതികള്‍ കുറയുകയും അടച്ചിട്ടിരുന്ന ദേശീയ പാത ഉൾപ്പെടെയുള്ള പാതകളിൽ ഗതാഗതം പുനരാരംഭിക്കുകയും ചെയ്തതോടെയാണ് ഹിമാചലിൽ വീണ്ടും വിനോദസഞ്ചാരം പുനരാരംഭിക്കുന്നത്. ജൂലൈയിലെ കനത്ത മഴയ്ക്കു മുൻപ് ജൂണ്‍ മാസത്തിൽ ഹിമാചലിലെ ഹോട്ടലുകളിലെ ബുക്കിങ് 90 ശതമാനം വരെയായിരുന്നു. എന്നാൽ ജൂലൈ 7 മുതൽ പതിനാല് വരെ ഒരാഴ്ച നീണ്ടു നിന്ന മഴയെത്തുടർന്നുണ്ടായ പ്രളയവും മറ്റുകെടുതികളും വിനോദസഞ്ചാരം കുത്തനെ ഇടിയുന്നതിന് കാരണമായി. പ്രളയത്തിനു ശേഷം ബുക്കിങ് ആരംഭിച്ചെങ്കിലും ആറു ശതമാനം വരെ മാത്രമേ ബുക്കിങ് ഉള്ളൂ. ടൂറിസം പ്രധാന വരുമാനമാർഗ്ഗമായ സംസ്ഥാനത്തെ സംബന്ധിച്ചെടുത്തോളം ഒരു തിരിച്ചുവരവ് അനിവാര്യമാണ്.
ജൂൺ, ജൂലൈ മാസങ്ങളിൽ പൊതുവേ വൻ സന്ദർശക പ്രവാഹമാണ് ഹിമാചൽ പ്രദേശിലുള്ളത്. 2023 ജൂണിൽ മാത്രം 28.03 ലക്ഷം സന്ദര്‍ശകരാണ് ഹിമാചൽ പ്രദേശിലെത്തിയത്. ഇതേ വളർച്ചയാണ് ജൂലൈയിൽ പ്രതീക്ഷിച്ചതെങ്കിലും അപ്രതീക്ഷിതമായെത്തിയ മഴ വില്ലനാവുകയായിരുന്നു. കനത്ത മഴയിലും മലവെള്ളപ്പാച്ചിലും മണാലി, ലാഹോൾ തുടങ്ങിയ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടുപോയ എഴുപതിനായിരത്തോളം വിനോദ സഞ്ചാരികളെ സർക്കാർ രക്ഷപെടുത്തിയിരുന്നു. കുളു, മണാലി, ഷിംല തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ കനത്ത നഷ്ടം വിതച്ചത്.
—————-
ഹിമാചൽ പ്രദേശ് ടൂറിസം വകുപ്പ് ഹോട്ടലുകൾ
ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷന് നാല് സർക്യൂട്ടുകളിലായാണ് ഹോട്ടലുകൾ ഉള്ളത്. സത്ലജ് സർക്യൂട്ട്, ധൗലാധർ സർക്യൂട്ട്, ബിയാസ് സർക്യൂട്ട്, ട്രൈബൽ സർക്യൂട്ട് എന്നിവയാണവ, കസൗലി, ചെയ്ൽ, ഷിംല,ധരംശാല, മക്ലിയോഡ് ഗഞ്ച്, ഖാജ്ജിയാർ,ചമ്പാ, ദൽഹൗസി, ഹമീർപൂർ തുടങ്ങിയ സ്ഥലങ്ങള്‍ ഈ സര്‍ക്യൂട്ടുകൾക്ക് കീഴിൽ വരുന്നു. HPTDC സൈറ്റിൽ ഹോട്ടൽ ബുക്കിങ്ങിനുള്ള സൗകര്യങ്ങളുണ്ട്.