ഗ്വാളിയാര്‍: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ വധിച്ച നാഥൂറാം ഗോഡ്സെയുടെ ജന്മവാര്‍ഷികം ആഘോഷിച്ച് ഹിന്ദുമഹാസഭ. ഗ്വാളിയാറിലെ ഓഫീസില്‍ വച്ചാണ് ഗോഡ‍്സെയുടെ 111-ാം ജന്മവാര്‍ഷികം ഹിന്ദുമഹാസഭ ആഘോഷമാക്കിയത്. ദേശീയ വൈസ് പ്രസിഡന്റ് ജയ്‍വീര്‍ ഭരദ്വാജിന്റെ നേതൃത്വത്തില്‍ ഒത്തുകൂടിയ പ്രവര്‍ത്തകര്‍ ഗോഡ്സെയുടെ ചിത്രത്തിന് മുന്നില്‍ 111 വിളക്കുകള്‍ തെളിച്ചു.
ഇതിന് ശേഷം ഗോഡ്സെയ്ക്കായി പ്രത്യേക പൂജയുമുണ്ടായിരുന്നു. ഗോഡ്സെയ്ക്ക് വേണ്ടി ഓഫീസില്‍ മാത്രമല്ല പൂജകള്‍ ചെയ്തതതെന്ന് ജയ്‍വീര്‍ പറഞ്ഞു. സംഘടനയുടെ 3000 പ്രവര്‍ത്തകര്‍ അവരുടെ വീടുകള്‍ ഇതേപോലെ വിളക്കുകള്‍ തെളിച്ച് ആ യഥാര്‍ത്ഥ രാജ്യസ്നേഹിയുടെ ഓര്‍മ്മ പുതുക്കിയെന്നും ഗ്വാളിയാറിലൂടെ പോകുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിയും ചൊവ്വാഴ്ച വിശപ്പോടെ കടന്ന് പോകുന്നില്ലെന്ന് ഉറപ്പ് വരുത്തിയതായും അദ്ദേഹം പറഞ്ഞു. അതേസമയം ഇത്തരത്തില്‍ ഒരു ആഘോഷം നടന്നതിന്റെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഗ്വാളിയാര്‍ ജില്ലാ കളക്ടര്‍ കൗശലേന്ദ്ര വിക്രം സിംഗ് പറഞ്ഞു.
വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും ഗോഡ്സെ ജന്മവാര്‍ഷികം ആഘോഷിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ഗോഡ്സെ ജന്മദിനം ട്വിറ്ററില്‍ ട്രന്‍ഡിംഗ് പട്ടികയിലും വന്നിരുന്നു.