യുപി: മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് വീപ്പയിലാക്കി സിമൻ്റിട്ടുറപ്പിച്ച വാർത്തയ്ക്ക് പിന്നാലെ ഇപ്പോഴിതാ യുപിയിൽ നിന്ന് മറ്റൊരു അരുംകൊലയുടെ വാർത്ത കൂടി പുറത്ത് വരുന്നു. കാമുകൻ്റെ സഹായത്തോടെ വാടകക്കൊലയാളിയെ വെച്ച് ഭർത്താവിനെ കൊലപ്പെടുത്തിയ വാർത്തയാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. മീററ്റിലെ മെയിൻപുരി ജില്ലയിലാണ് സംഭവം. വിവാഹം നടന്ന് വെറും രണ്ടാഴച കഴിഞ്ഞപ്പോഴാണ് പ്രഗതി യാദവ് എന്ന യുവതി കാമുകനൊപ്പം ഭർത്താവിനെക്കൊല്ലാൻ ഇത്തരമൊരു കൊലപാതകം ആസൂത്രണം ചെയ്തത്.
കഴിഞ്ഞ നാല് വർഷമായി അനുരാഗ് യാദവെന്ന എന്ന യുവാവുമായി പ്രഗതി പ്രണയത്തിലായിരുന്നു. എന്നാൽ കുടുംബത്തിൻ്റെ നിർബന്ധ പ്രകാരം യുവതി ഈ മാസം ദിലീപ് യാദവ് എന്ന യുവാവിനെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ ഈ ബന്ധത്തിൽ യുവതി ഒട്ടും തൃപ്തയായിരുന്നില്ല. ഇത്തരത്തിൽ വിവാഹ ബന്ധത്തിൽ അസന്തുഷ്ടയായതിനാലും കാമുകനോടൊപ്പം ജീവിക്കാൻ താത്പര്യമുള്ളതിനാലുമാണ് പ്രഗതി കാമുകനൊപ്പം ഭർത്താവിലെ കൊല്ലാൻ പദ്ധതിയിട്ടത്. ദിലീപ് സമ്പന്നനാണെന്നും അദ്ദേഹത്തിന്റെ മരണശേഷം ഒരുമിച്ച് സമ്പന്നമായ ജീവിതം നയിക്കാമെന്നും അനുരാഗിനോട് യുവതി പറഞ്ഞു.
തുടർന്ന് കൊല നടത്താൻ പ്രഗതി അനുരാഗിന് ഒരു ലക്ഷം രൂപ നൽകി. കൊലപാതകം നടത്താൻ അനുരാഗ് റാംജി നഗർ എന്ന വാടകക്കൊലയാളിക്ക് 2 ലക്ഷം രൂപയും നൽകി. മാർച്ച് 19നാണ് ഇവരുടെ ക്വട്ടേഷൻ പ്രകാരം ദിലീപിനെ അക്രമി സംഘം കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് തിരികെ മടങ്ങവേ പട്ന കനാലിനടുത്ത് ഒരു റോഡരികിലെ ഹോട്ടലിൽ ദിലീപ് വണ്ടി നിർത്തിയിരുന്നു. ആ സമയം ബ്രേക്ക് ഡൌണായ വാഹനം നന്നാക്കാൻ സഹായം വേണമെന്ന വ്യാജേന സമീപിച്ചാണ് ക്വട്ടേഷൻ സംഘം കൊലപാതകം നടത്തിയത്.