ലഖ്‌നൗ: പ്രയാഗ് രാജിലെ മഹാകുംഭമേളയ്ക്ക് ഭാര്യയെ എത്തിച്ച് കൊലപ്പെടുത്തിയ ശേഷം സ്ഥലം വിട്ട ഡല്‍ഹി സ്വദേശി പിടിയില്‍. ത്രിലോക്പുരി സ്വദേശി അശോക് കുമാറാണ് അറസ്റ്റിലായത്. വിവാഹേതര ബന്ധങ്ങള്‍ എതിര്‍ത്തതാണ് ഭാര്യ മീനാക്ഷിയെ കൊലപ്പെടുത്താന്‍ ഇടയാക്കിയതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. ഭാര്യയെ ഒഴിവാക്കാന്‍ ഏറ്റവും പറ്റിയ അവസരം കുംഭമേളയാണെന്ന് തിരിച്ചറിഞ്ഞ പ്രതി മാസങ്ങളായുള്ള ഗൂഢാലോചനയ്‌ക്കൊടുവിലാണ് കൃത്യം നടപ്പിലാക്കിയതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് ഇരുവരും പ്രയാഗ്രാജിലെത്തി കെത്വാനയിലെ ആസാദ് നഗറില്‍ മുറിയെടുക്കുന്നത്. അന്ന് രാത്രി ഭാര്യയുമായുണ്ടായ വഴക്കിന് പിന്നാലെ മീനാക്ഷിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം രക്തം പുരണ്ട വസ്ത്രങ്ങളും കൊല്ലാന്‍ ഉപയോഗിച്ച ആയുധവും മേള നടക്കുന്നയിടത്തെ ചവറ്റുകുട്ടകളില്‍ ഒന്നില്‍ നിക്ഷേപിച്ചു. ശേഷം കുംഭമേളയ്ക്കിടെ കാണാനില്ലെന്ന് ഭാര്യയെ കാണാനില്ലെന്ന് സ്‌റ്റേഷനില്‍ പരാതി നല്‍കി മുങ്ങുകയായിരുന്നു.
കുംഭമേളയില്‍ പങ്കെടുത്തെന്ന് തെളിയിക്കാനായി നിരവധി വിഡിയോകളും പുണ്യ സ്‌നാനത്തിന്റെ വിഡിയോയും ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. മീനാക്ഷിക്കായുള്ള അന്വേഷണത്തിനിടെ ഹോട്ടലിലെ കുളിമുറിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹോട്ടലില്‍ ഇയാള്‍ തിരിച്ചറിയില്‍ രേഖകള്‍ ഒന്നും സമര്‍പ്പിച്ചിരുന്നില്ല. മീനാക്ഷിയുടെ സഹോദരന്‍ പ്രവേശന്‍ കുമാറിനെയും മക്കളായ അശ്വാനി, ആദര്‍ശ് എന്നിവരെയും ബന്ധപ്പെട്ടാണ് മൃതദേഹം മീനാക്ഷിയുടേതെന്ന് പോലീസ് സ്ഥിരീകരിച്ചത്. ജുന്‍സി പൊലീസ്, സ്‌പെഷ്ല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്ഒജി), പ്രയാഗ്രാജ് പൊലീസ് എന്നിവരുടെ സംയുക്ത സംഘം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ മൂന്ന് മാസമായി പ്രതി ഭാര്യയെ കൊല്ലാന്‍ ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിക്കെതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനും കേസെടുത്തിട്ടുണ്ട്.