തിരുവല്ല : ചരിത്ര പ്രസിദ്ധമായ കദളിമംഗലം പടേനിയ്‌ക്ക് നാളെ ചൂട്ടുവെയ്‌ക്കും. നാളെ രാത്രി എട്ടിന് ദേശദേവനായ ശ്രീവല്ലഭ സ്വാമിയുടെ ആറാട്ട് വിളക്കില്‍നിന്ന് ഇരു വെള്ളിപ്പറ – തെങ്ങേലി – വെണ്‍പാല എന്നീ കരക്കാര്‍ ഒത്തുചേര്‍ന്ന് ദീപം ഏറ്റുവാങ്ങി താലപ്പൊലി, ചെണ്ടമേളം, കരകം തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി ഘോഷയാത്രയായി തുകലശേരി ശ്രീരാമകൃഷ്‌ണാശ്രമം, ചിറപ്പാട് കല്ലിങ്ക് വഴി ക്ഷേത്രത്തില്‍ എത്തിച്ചേരും. ക്ഷേത്ര മേല്‍ശാന്തി അരവിന്ദാക്ഷന്‍ നമ്പൂതിരി ദീപം ഏറ്റുവാങ്ങി ക്ഷേത്രത്തിന്റെ പുറത്തെ വിളക്കില്‍ പ്രതിഷ്‌ഠിക്കും. ആദ്യം ഇരുവെള്ളിപ്പറ – തെങ്ങേലി കരക്ക് വേണ്ടി കരയിലെ മുതിര്‍ന്ന പടേനി ആശാന്‍ ഇരുവെള്ളിപ്പറ വടശേരില്‍ വീട്ടില്‍ പരമേശ്വരന്‍ പിള്ള അക്കര കുറുപ്പെ ചൂട്ട് വെയ്‌ചോട്ടെ എന്ന് മൂന്ന് ആവര്‍ത്തി ചോദിച്ച് കളത്തില്‍ ചൂട്ടുവെയ്‌ക്കും.
വെണ്‍പാല കരയ്‌ക്കുവേണ്ടി കരയിലെ മുതിര്‍ന്ന പടയണി ആശാന്‍ വെണ്‍പാല ശാന്താ ഭവനില്‍ ഗോപാലകൃഷ്‌ണപിള്ള വാണല്ലൂര്‍ കുറുപ്പെ ചൂട്ട് വെയ്‌ചോട്ടെ എന്ന് മൂന്ന് പ്രാവശ്യം ചോദിച്ച് കളത്തില്‍ ചൂട്ട് വെയ്‌ക്കും. ശേഷം കരക്കാര്‍ ഒത്ത് ചേര്‍ന്ന് മൂന്ന് പ്രാവശ്യം കൂകി വിളിച്ച് ക്ഷേത്രത്തിന് വലംവച്ച് പിരിയും. തുടര്‍ന്ന് 10 ദിവസം ചൂട്ട് പടേനി നടക്കും. 21 ന് എഴുതി തുള്ളല്‍ തുടങ്ങും. 30 ന് ഇരു വെള്ളിപ്പറ- തെങ്ങേലി കരക്കാരുടെ പകല്‍ പടേനി നടക്കും. 31 -ന് വെണ്‍പാലകരയുടെ പകല്‍ പടേനി നടക്കും . ഏപ്രില്‍ ഒന്നിന് അമ്മയുടെ തിരുനാള്‍ ദിനമായ മീനഭരണി ദിനത്തില്‍ ക്ഷേത്രത്തില്‍ നടക്കുന്ന ആചാരാനുഷ്‌ഠാനങ്ങളോടെ മദ്ധ്യതിരുവിതാംകൂറിലെ തന്നെ ഏറ്റവും ദൈര്‍ഘ്യം ഏറിയ കദളിമംഗലം പടേനിയ്‌ക്കു സമാപനമാകും.