കോടുകുളഞ്ഞി : എസ്എൻഡിപി യോഗത്തെ തകർക്കാൻ ശ്രമിച്ചവരെല്ലാം തകർന്നതാണ് ചരിത്രമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ മഠത്തിന്റെ നേതൃത്വത്തിൽ മൂന്നുദിവസത്തെ ശ്രീനാരായണ ധർമപ്രബോധനത്തിന്റെയും ധ്യാനത്തിന്റെയും ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്തച്ചൊരിച്ചിലില്ലാതെ ശാന്തമായി വിപ്ലവകരമായ മാറ്റം ഗുരുദേവൻ സമൂഹത്തിൽ കൊണ്ടുവന്നു. ഗുരുദേവൻ സർവമത സമ്മേളനം നടത്താനുണ്ടായ കാരണം പഠിക്കണം. സത്യസന്ധമായി കാര്യങ്ങൾ പറയുമ്പോൾ വർഗീയത പറയുകയാണെന്ന് ചിലർ തന്നെ ആക്ഷേപിക്കുന്നു. ജാതിവിവേചനം മുൻപത്തേക്കാൾ ഇന്നും നിലനിൽക്കുന്നു.
ഗുരുദേവനെ ഹൃദയപദ്മത്തിൽ പ്രതിഷ്ഠിച്ച് ദൈവമായി ആരാധിക്കണമെന്നു വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി യോഗം പന്തളം യൂണിയൻ സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ് അധ്യക്ഷനായി. മഠാധിപതി ശിവബോധാനന്ദ സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തി. എസ്എൻട്രസ്റ്റ് അംഗം പ്രീതി നടേശൻ വിശിഷ്ടാതിഥിയായി. എസ്എൻഡിപി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി, മാന്നാർ യൂണിയൻ ചെയർമാൻ കെ.എം. ഹരിലാൽ, ജോ. കൺവീനർ പുഷ്പാശശികുമാർ, മാവേലിക്കര യൂണിയൻ ജോ കൺവീനർ ഗോപൻ ആഞ്ഞിലിപ്രാ, എസ്എൻ ട്രസ്റ്റ് ബോർഡംഗം ഉദയൻ പാറ്റൂർ, മാന്നാർ യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം, ആശ്രമസമിതി പ്രസിഡന്റ് സുരേഷ് മുടിയൂർക്കോണം, പന്തളം യൂണിയൻ കൗൺസിലർമാരായ രാജീവ് മങ്ങാരം, ആദർശ്, തിരുവല്ല യൂണിയൻ യൂത്ത് മൂവ്മെന്റ് ചെയർമാൻ അനീഷ് ആനന്ദ്, ഇ.വി. ഉത്തമൻ പത്തനാപുരം എന്നിവർ പ്രസംഗിച്ചു.