പത്തനംതിട്ട : പത്തനംതിട്ട എസ്.പി ഓഫിസിലെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ ആർഎസ്എസ് നേതാവിനെ അംഗമാക്കിയത് ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കണമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്. ഞങ്ങൾ ആർഎസ്എസിന് എതിരാണെന്ന് നാഴികയ്ക്ക് നാൽപതുവട്ടം പറയുകയും പിൻവാതിലിലൂടെ അവരെ സർക്കാർ സംവിധാനങ്ങളിൽ കുടിയിരുത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് പിണറായി സർക്കാർ തുടരുന്നത്.
ആര്‍.എസ്.എസ് അനുകൂല അഭിഭാഷക സംഘടനാ നേതാവ് കെ.ജെ മനുവിനെയാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള ജില്ലാ പോലിസ് മേധാവിയുടെ ഓഫിസിലെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ അംഗമാക്കിയത്. ഈ തീരുമാനം വിവാദമായതോടെ സെല്‍ റദ്ദാക്കി ആഭ്യന്തര വകുപ്പ് തടിയൂരി. ആഭ്യന്തര വകുപ്പിനെ കയറൂരിവിട്ട് സംഘപരിവാറിന് കുഴലൂത്ത് നടത്തുന്ന പിണറായി സർക്കാരിന്റെ നയം പൊതുസമൂഹം തിരിച്ചറിയണം.
കേരളത്തിലെ ആഭ്യന്തരവകുപ്പിലെ ആർഎസ്എസ് സാന്നിധ്യം പരസ്യമായ രഹസ്യമാണ്. സേനയുടെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥർ തന്നെ തങ്ങളുടെ ആർഎസ്എസ് ബന്ധം പരസ്യമായി വെളിവാക്കിയിരുന്നു. എന്നിട്ടും അത്തരക്കാരെ പച്ചപരവതാനി വിരിച്ച് സംരക്ഷിച്ചുപോകുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നത്. പോലീസ് സേനയിൽ ആർഎസ്എസ് ആശയങ്ങൾ കുത്തിനിറച്ച് വർഗീയതയ്ക്ക് വളമൊരുക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ആർഎസ്എസ് താൽപര്യങ്ങൾ സംരക്ഷിക്കാൻ വഴിതെളിക്കുന്ന പിണറായി സർക്കാരിന്റെ നിലപാട് അത്യന്തം അപകടകരമാണ്. ആർഎസ്എസുകാരനെ പോലീസ് സേനയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ അംഗമാക്കാൻ ചരടുവലിച്ച ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.