തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് രോഗികൾക്ക് വീട്ടിലിരുത്തി ചികിത്സ തുടങ്ങുന്നു. സാമൂഹിക വ്യാപനം നടന്നതായി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ച തിരുവനന്തപുരത്താണ് കൊവിഡ് രോഗികളെ വീട്ടിലിരുത്തി ചികിത്സ തുടങ്ങുന്നത്. ഇതിനായുള്ള ഉത്തരവ് തിരുവനന്തപുരം ജില്ലാ കളക്ടർ പുറപ്പെടുവിച്ചു.
രോഗികൾ ആവശ്യപ്പെടുന്ന പക്ഷം വീടുകളിൽ നിരീക്ഷണവും ചികിത്സയും നൽകുന്നതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഉത്തരവിട്ടു. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമായിരിക്കും വീട്ടിലിരുത്തിയുള്ള ചികിത്സ നടത്തുക.
വീട്ടിൽ മുറിയോട് ചേർന്ന് ശുചിമുറി അടക്കമുഉള്ള ആവശ്യ സൗകര്യങ്ങൾ ഉള്ളവർക്ക് ആണ് ചികിത്സയ്ക്ക് അനുമതി നൽകുക. വീടുകളിൽ നിരീക്ഷണം നൽകുന്നത് വാർഡ് തല സമിതിയുടെ നിർദേശം കൂടി പരിഗണിച്ചായിരിക്കും. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളിലെ നിരീക്ഷണവും ആവശ്യപ്പെടുന്നവർക്കായി മാത്രമായിരിക്കും ഇനി നൽകുക.