വയറ്റിൽ ഗ്യാസ് കയറിയാൽ വല്ലാത്ത ബുദ്ധിമുട്ടു തന്നെയാണ്. എന്നാൽ ഇനി വയറു വീർത്തതിന്റെ അസ്വസ്ഥതകളുമായി നടക്കേണ്ട. വീട്ടിൽ തന്നെ തയാറാക്കാൻ കഴിയുന്ന ചില ചായകൾ പരീക്ഷിച്ചാൽ മതി.
പെരുംജീരകം ചായ
വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു ചായ ആണിത്. പ്രധാന ചേരുവകൾ പെരും ജീരകവും ഗ്രീൻ ടീയും മാത്രമാണ്. അമിതമായി ഭക്ഷണം കഴിച്ചുവെന്ന് തോന്നുമ്പോൾ പെരുജീരകം ചേർത്ത ഈ ചായ കുടിച്ചാൽ മതി വളരെ പെട്ടെന്ന് തന്നെ ആശ്വാസം ലഭിക്കുന്നതായിരിക്കും. വെള്ളം തിളപ്പിച്ചതിലേക്ക് ഗ്രീൻ ടീയും പെരുജീരകവും ചേർത്താണ് ചായ തയാറാക്കുന്നത്. കുറച്ചു സമയത്തിന് ശേഷം അരിച്ചെടുത്തു ഉപയോഗിക്കാവുന്നതാണ്. പെരുംജീരകത്തിൽ അടങ്ങിയിട്ടുള്ള കാർമിനേറ്റിവ്, ആന്റി ഇൻഫ്‌ളമേറ്ററി ഘടകങ്ങളും ഗ്രീൻ ടീയിലെ പ്രകൃതിദത്ത മൂലകങ്ങളും വയറിലെ അസ്വസ്ഥതകൾ ഒരു പരിധി വരെ കുറയ്ക്കും.
പുതിന ചായ
പുതിനയും തേനും ചേർത്താണ് ഈ ചായ തയാറാക്കുന്നത്. അമിതമായി ഭക്ഷണം കഴിച്ചത് മൂലം വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ, ഗ്യാസ്ട്രബിൾ എന്നിവയ്ക്ക് ഈ ചായ കുടിച്ചാൽ മതിയാകും. നല്ലതുപോലെ തിളച്ച വെള്ളത്തിലേക്ക് നനവില്ലാത്ത പുതിനയിലകൾ ചേർത്ത് കൊടുക്കാം. മധുരത്തിനായി തേനും ചേർക്കാം. രുചികരമാകുമെന്നു മാത്രമല്ല, ചായയുടെ ഗുണങ്ങൾ വർധിക്കുകയും ചെയ്യും. പെട്ടെന്ന് തന്നെ ആശ്വാസം ലഭിക്കുന്ന ഒരു ചായയാണിത്.
ഇഞ്ചി ചായ
ഇഞ്ചിയിലെ ആന്റി ഇൻഫ്‌ളമേറ്ററി ഘടകങ്ങൾ വയറിനകത്തെ ചെറു പ്രശ്‌നങ്ങൾക്കെല്ലാം പെട്ടെന്ന് തന്നെ പരിഹാരമാകും. തിളപ്പിച്ച വെള്ളത്തിലേക്കു ഇഞ്ചി ഗ്രേറ്റ് ചെയ്തത് ചേർത്താണ് ചായ തയാറാക്കുന്നത്. ചെറുനാരങ്ങയുടെ നീരും കുറച്ച് തേനും കൂടെ ഈ ചായയിൽ ചേർത്തുകൊടുക്കാവുന്നതാണ്. അമിതമായി ഭക്ഷണം കഴിച്ചതു മൂലമുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കുമെന്ന് മാത്രമല്ല ദഹന പ്രക്രിയയെ സുഗമമാക്കുകയും ചെയ്യും ഈ ചായ.
കുക്കുമ്പർ – പുതിന
കുക്കുമ്പർ കനംകുറച്ച് വട്ടത്തിൽ അരിഞ്ഞെടുക്കുക. പുതിനയിലയും ചെറുതായി ചതച്ചെടുക്കാം. ഇളം ചൂട് വെള്ളത്തിലേക്ക് ഇവ രണ്ടും ചേർത്തതിന് ശേഷം ഒരു നുള്ള് കറുവപ്പട്ട പൊടിച്ചത് കൂടിയിട്ടു കൊടുക്കാം. ഭക്ഷണം കൂടുതൽ കഴിച്ചതിന്റെ ഭാഗമായി വയറിനുണ്ടായിട്ടുള്ള അസ്വസ്ഥതകൾ വളരെ പെട്ടെന്ന് തന്നെ മാറാനിതു സഹായിക്കും.
വയറ്റിൽ എപ്പോഴും ഗ്യാസിന്‍റെ പ്രശ്‌നമാണോ ? ഈ ചായകൾ പരീക്ഷിച്ച് നോക്കൂ
RECENT NEWS
Advertisment