മഴ ആണെങ്കിലും വെയിൽ ആണെങ്കിലും ചർമ്മ സംരക്ഷണത്തിൽ യാതൊരു വിട്ടു വീഴ്ചയ്ക്കും തയാറാകാത്തവരാണ് പലരും. ചർമ്മത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളുടെയും പ്രധാന കാരണം കാലാവസ്ഥ തന്നെയാണ്. മഴക്കാലത്ത് എണ്ണമയമുള്ള ചർമ്മക്കാർ പലപ്പോഴും കുറച്ച് ബുദ്ധിമുട്ടാറുണ്ട്. എണ്ണമയവും അതുപോലെ ചർമ്മത്തിലെ അമിത ഈർപ്പവും പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഈർപ്പം കൂടുന്നത് ചർമ്മത്തിൽ നിറ വ്യത്യാസമുണ്ടാക്കാൻ കാരണമാകാറുണ്ട്. ഇത് മാറ്റാൻ മഴക്കാലത്ത് വീട്ടിൽ തന്നെ ചില പായ്ക്കുകൾ പരീക്ഷിക്കാവുന്നതാണ്. മഴക്കാലത്ത് ചർമ്മ സംരക്ഷണം ചെയ്യാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഫേസ് പായ്ക്കുകളാണിത്.
ആര്യവേപ്പ്
ചർമ്മത്തിലെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാകം ആര്യവേപ്പിലുണ്ട് എന്നതാണ് യാഥാർത്ഥ്യം. പരമ്പരാഗതപരമായി പല രോഗങ്ങൾക്കുമുള്ള മരുന്നായി ഈ സസ്യത്തെ ഉപയോഗിക്കാറുണ്ട്. ഒരു ചെറിയ ബൗളിൽ രണ്ട് ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടിയും രണ്ട് ടേബിൾ സ്പൂൺ ആര്യവേപ്പില അരച്ചും അൽപ്പം റോസ് വാട്ടറും രണ്ട് ഗ്രാമ്പുവും ചേർത്ത് യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം. ചർമ്മത്തിലെ കുരുക്കളും അതുപോലെ എണ്ണമയവും മറ്റും ഇല്ലാതാക്കാൻ ഇത് ഏറെ സഹായിക്കും.
പുതിന
കറികൾക്ക് നല്ല മണവും രുചിയും കിട്ടാൻ ഉപയോഗിക്കുന്നതാണ് പുതിന. ചർമ്മത്തിലെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം കൂടിയാണ് ഈ പുതിനയില എന്ന് പറഞ്ഞാൽ പലരും വിശ്വസിക്കില്ല. കുറച്ച് പുതിനയില എടുത്ത് കുറച്ച് തുള്ളി വെള്ളവും ചേർത്ത് നന്നായി അരച്ച് എടുക്കുക. ഇതിലേക്ക് അൽപ്പം മുൾട്ടാണി മിട്ടിയും തേനും തൈരും ചേർത്ത് യോജിപ്പിക്കുക. ചർമ്മത്തിനെ നല്ലത് പോലെ മൃദുവാക്കാൻ ഈ പേസ്റ്റ് മുഖത്തിട്ട് ഉണങ്ങിയ ശേഷം കഴുകി വ്യത്തിയാക്കാം. ചർമ്മത്തിന് തിളക്കം കിട്ടാനും ഈ പായ്ക്ക് ഏറെ സഹായിക്കും.
ഓട്സ് മാസ്ക്
ചർമ്മ സംരക്ഷണത്തിന് ഏറെ മികച്ചതാണ് ഓട്സ്. മികച്ചൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ ഓട്സിന് കഴിയും. ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കി പുതിയ ചർമ്മം നൽകാൻ ഇത് സഹായിക്കും. ഒരു ചെറിയ ബൗളിൽ കുറച്ച് ഓറഞ്ച് തൊലിയുടെ പൊടി, ചുവന്ന പരിപ്പ് പൊടിച്ചത്, ഓട്സ് എന്നിവ ചേർക്കുക. ഇതിലേക്ക് അൽപ്പം റോസ് വാട്ടർ ചേർത്ത് ഒരു പേസ്റ്റ് തയാറാക്കുക. ഈ പേസ്റ്റ് മുഖത്തിട്ട് ഉണങ്ങിയ ശേഷം കഴുകി വ്യത്തിയാക്കുക.
വെള്ളരിക്ക
ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നതാണ് വെള്ളരിക്ക എന്ന് എല്ലാവർക്കുമറിയാം. ചർമ്മത്തിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാനും വെള്ളരിക്കയുടെ ജ്യൂസ് ഏറെ നല്ലതാണ്. ചർമ്മത്തിന് നല്ല തണുപ്പ് ലഭിക്കാൻ ഏറെ നല്ലതാണ് വെള്ളരിക്കയുടെ നീര്. ചർമ്മത്തിലെ എണ്ണമയം മാറ്റാൻ സിമ്പിളായി വെള്ളരിക്ക ഉപയോഗിച്ച് വീട്ടിൽ തന്നെ ടോണർ തയാറാക്കാൻ സാധിക്കും. മിക്സിയിലോ ബ്ലെൻഡറിലോ ഇട്ട് വെള്ളരിക്ക നന്നായി അരച്ച് അൽപ്പം നീര് എടുക്കുക. ഇത് ചർമ്മത്തിലിട്ട് 15 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം.