താനെ : താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന വിവരം ഭാര്യയില്‍നിന്നു മറച്ചുവയ്ക്കുകയും മധുവിധുവിന് ‘കൂട്ടുകാരനെ’ ഒപ്പം കൂട്ടുകയും ചെയ്തയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഭര്‍ത്താവിന്റെ പ്രവൃത്തി പ്രഥമദൃഷ്ട്യാ വഞ്ചനയാണെന്നു ചൂണ്ടിക്കാട്ടിയാണ് താനെ കോടതിയുടെ നടപടി. മുപ്പത്തിരണ്ടുകാരനായ നവി മുംബൈ സ്വദേശി മുപ്പതുകാരിയായ യുവതിയെ സാമൂഹ്യ മാധ്യമം വഴിയാണ് പരിചയപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇവര്‍ വിവാഹിതരായി. ഭര്‍ത്താവ് സ്വവര്‍ഗ അനുരാഗിയാണെന്ന് പിന്നീട് മനസ്സിലായെന്നും തന്നെ വഞ്ചിച്ചെന്നും ആരോപിച്ച് ഭാര്യ പരാതി നല്‍കുകയായിരുന്നു.
നഗരത്തിലെ രണ്ടു പുരുഷന്മാരുമായി ഇയാള്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നതായി ഭാര്യ കണ്ടെത്തി. ഭര്‍ത്താവിന്റെ വാട്ട്‌സആപ്പ് മെസേജുകളില്‍നിന്നും ഫോണിലെ വിഡിയോയില്‍നിന്നുമാണ് ഇതു കണ്ടെത്തിയതെന്ന് ഭാര്യ കോടതിയെ അറിയിച്ചു. ഇതു ചോദ്യം ചെയ്തപ്പോള്‍ തനിക്കു നേരെ കത്തി വീശിയതായും പരാതിയില്‍ പറയുന്നു. വിവാഹത്തിനു മുമ്പായി വ്യാജമായ എംപ്ലോയ്മന്റെ ഓഫര്‍ ലെറ്റര്‍ തന്നെ കാണിച്ചിരുന്നെന്ന് യുവതി പറഞ്ഞു. വര്‍ഷം 14 ലക്ഷം രൂപ ശമ്പളം കിട്ടുമെന്നായിരുന്നു അതില്‍. വ്യാജമായ വിവരങ്ങള്‍ ധരിപ്പിച്ചും സ്വവര്‍ഗാനുരാഗിയാണെന്ന വിവരം മറച്ചുവച്ചും യുവതിയുടെ ജീവിതം നശിപ്പിക്കുകയാണ് ഇയാള്‍ ചെയതെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഭര്‍ത്താവിന് മറ്റു പുരുഷന്മാരുമായുള്ള ബന്ധത്തിന് തെളിവു ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തന്നെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയാണ് പരാതിയുടെ ലക്ഷ്യമെന്നാണ് യുവാവ് വാദിച്ചത്. കോടതി ഇത് അംഗീകരിച്ചില്ല.