കഴിഞ്ഞ കുറച്ച് മാസങ്ങളായി ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ടയ്ക്ക് ഇന്ത്യൻ വിപണിയിൽ കാര്യമായ വിൽപ്പനയോ പ്രകടനമോ കാഴ്ച്ചവെയ്ക്കാൻ കഴിഞ്ഞിരുന്നില്ല. നിലവിൽ കൂടുതൽ ജനപ്രിയമായ എസ്‌യുവി സെഗ്മെന്റിൽ ബ്രാൻഡിന് ഒരു മോഡൽ ഉണ്ടായിരുന്നില്ല എന്നത് തന്നെയായിരുന്നു ഈ അവസ്ഥയുടെ ഒരു പ്രധാന കാരണം. എന്നാൽ അടുത്തിടെ ഹോണ്ട മിഡ് സൈസ് എസ്‌യുവി സെഗ്മെന്റിൽ പുതിയ എലിവേറ്റിനെ അവതരിപ്പിച്ചുകൊണ്ട് ഈ കുറവ് നികത്താൻ തീരുമാനിച്ചു. നീണ്ട ഏഴ് വർഷത്തിന് ശേഷമാണ് ഹോണ്ട ഇന്ത്യയിൽ ഒരു പുത്തൻ മോഡൽ അവതരിപ്പിക്കുന്നത്. വളരെ കോംപറ്റീറ്റീവായ വിലയ്ക്ക് എത്തിയ വാഹനം അതിന്റെ മികവ് തെളിയിച്ചു എന്ന് തന്നെ പറയാം.
2023 സെപ്റ്റംബറിൽ ഹോണ്ട കാർസ് ഇന്ത്യയുടെ പ്രതിമാസ (MoM) ആഭ്യന്തര വിൽപ്പന 9,861 യൂണിറ്റ് രേഖപ്പെടുത്തി. വാർഷിക (YoY) വിൽപ്പനയിൽ 13 ശതമാനം വളർച്ചയാണ് ഇത് മൂലം ബ്രാൻഡിന് ഉണ്ടായത്. കഴിഞ്ഞ മാസം 1,310 യൂണിറ്റുകളോളം കമ്പനി കയറ്റുമതിയും ചെയ്തിട്ടുണ്ട്. 2022 സെപ്റ്റംബറിലെ കണക്ക് പ്രകാരം കമ്പനി ആഭ്യന്തര വിപണിയിൽ 8,714 യൂണിറ്റുകൾ വിൽക്കുകയും 2,333 യൂണിറ്റുകൾ കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു.
പുതുതായി പുറത്തിറക്കിയ ഹോണ്ട എലിവേറ്റാണ് രാജ്യത്തെ ബ്രാൻഡിന്റെ വിൽപ്പനയിൽ ഗണ്യമായ വർധനവിന് പിന്നിലെ പ്രധാന കാരണം. പുതിയ എലിവേറ്റിന് വിപണിയിൽ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 11 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള പുതിയ എലിവേറ്റ് ഇന്ത്യൻ വിപണിയിൽ വിൽപ്പനക്കെത്തുന്ന ഏറ്റവും താങ്ങാനാവുന്ന മിഡ് സൈസ് എസ്‌യുവികളിൽ ഒന്നാണ്. എലിവേറ്റ് എസ്‌യുവിയുടെ ഡെലിവറി 2023 സെപ്റ്റംബർ മുതൽ തന്നെ ഹോണ്ട ആരംഭിച്ചു.