ഇന്ത്യയിലെ സ്പോർട്‌സ് മോട്ടോർസൈക്കിൾ വിപണിയിൽ അപ്പാച്ചെ സീരീസിലുടെ തങ്ങളുടെ ഇടംകണ്ടെത്തിയവരാണ് ടിവിഎസ്. പിന്നീട് ബിഎംഡബ്ല്യുവിന്റെ സഹായത്തോടെ RR310 എന്ന സൂപ്പർസ്പോർട്ട് ബൈക്കും രംഗത്തിറക്കി കമ്പനി വിജയം ആഘോഷിച്ചിട്ടുണ്ട്. ഇതിനിടയ്ക്ക് മോട്ടോർസൈക്കിളുകളുടെ സ്വഭാവം തന്നെ മാറിയ നൂറ്റാണ്ടിനും നാം സാക്ഷ്യംവഹിച്ചു. ഇന്ന് പ്രീമിയം ബൈക്കുകൾ വാങ്ങാൻ ആളുകളുടെ വലിയ ക്യൂവാണുള്ളത്. ഇത് മനസിലാക്കി ബിഎംഡബ്ല്യുവും ട്രയംഫും ഹാർലിയുമെല്ലാം താങ്ങാനാവുന്ന വിലയ്ക്ക് ഇന്ത്യയിൽ പുതിയ മോഡലുകളെ കൊണ്ടുവന്നതിനും നാം സാക്ഷ്യംവഹിച്ചു. ഇറങ്ങുന്ന മോഡലുകളെല്ലാം ഒന്നിനൊന്നിന് ഹിറ്റാവുന്നതോടെ പുതിയ ബ്രാൻഡുകളും രാജ്യത്തേക്ക് എത്തുന്നുണ്ട്. കളംപിടിക്കാനായി ഒരു പടക്കുതിരയെ തങ്ങളുടെ ആവനാഴിയിലേക്ക് കൊണ്ടുവരാൻ ടിവിഎസും ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്.
ആഴ്ചകൾ നീണ്ട സൂചനകൾക്ക് ശേഷം ടിവിഎസ് മോട്ടോർ കമ്പനി വരാനിരിക്കുന്ന അപ്പാച്ചെ RTR 310 നേക്കഡ് സ്ട്രീറ്റ് സ്പോർട്‌സ് ബൈക്കിന്റെ ടീസർ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. ആദ്യ ടീസറിൽ നിന്നും വ്യത്യസ്‌തമായി ഇത്തവണ ബൈക്കിന്റെ ഡിസൈൻ വ്യക്തമാക്കുന്ന രീതിയിലാണ് ബ്രാൻഡ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 2023 സെപ്റ്റംബർ ആറിന് വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച പുതിയ അപ്പാച്ചെ 310 പതിപ്പിനായുള്ള പ്രീ-ബുക്കിംഗും കമ്പനി ആരംഭിച്ചിരിക്കുകയാണിപ്പോൾ. ടിവിഎസിന്റെ പുതിയ സ്ട്രീറ്റ്‌ഫൈറ്റർ വാങ്ങാൻ ത്ത്പര്യമുള്ള ഉപഭോക്താക്കൾക്ക് 3,100 ടോക്കൺ തുക നൽകി വാഹനം പ്രീ-ബുക്ക് ചെയ്യാനാവും. അപ്പാച്ചെ RR310 സൂപ്പർസ്പോർട്ട് ബൈക്കുമായി സാദൃശ്യമുള്ള ഒരു ആക്രമണാത്മക ശൈലിയിലുള്ള സ്ട്രീറ്റ് ഫൈറ്ററാണിതെന്ന് ടീസർ വ്യക്തമാക്കിയിട്ടുണ്ട്. ഈ മോഡലിന്റെ അതേ ഷാസിയും മെക്കാനിക്കലുകളും എഞ്ചിനുമെല്ലാം തന്നെയാവും അപ്പാച്ചെ RTR 310 നേക്കഡ് സ്ട്രീറ്റ് സ്പോർട്‌സിലും കാണാനാവുക.
പക്ഷേ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം, ഗോൾഡ് ഫിനിഷഡ്, ഫ്ലാറ്റ് ഹാൻഡിൽബാർ, ഫ്യുവൽ ടാങ്കിൽ ഷാർപ്പ്, മസ്ക്കുലർ ഡിസൈൻ എന്നിവ ഉപയോഗിച്ച് ഡിസൈൻ ഭാഷ്യം തികച്ചും പുതിയതായി അവതരിപ്പിക്കാൻ കമ്പനിക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്‌സ്‌പോസ്‌ഡ് റിയർ സബ്‌ഫ്രെയിമോടുകൂടിയ സ്‌പ്ലിറ്റ്-സീറ്റ് സെറ്റപ്പ് ബൈക്കിന്റെ സ്പോർട്ടി ഭാവം എടുത്തു കാണിക്കുന്നുണ്ട്.