പത്തനംതിട്ട : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ – ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റും കോന്നി സെന്റ് തോമസ് കോളേജും ചേർന്ന് പെണ്മ പ്രോഗ്രാം സംഘടിപ്പിച്ചു. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൂടിയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലയിൽ പരിപാടി സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വനിതാ രത്നങ്ങളെ പരിപാടിയുടെ ഭാഗമായി ആദരിച്ചു. തിരുവല്ല സബ് കളക്ടർ സുമിത് കുമാർ ഠാക്കൂർ ഐഎഎസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജില്ലയിലെ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഹരിത കർമ്മസേനകളെ ജില്ല ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ആദരിച്ചു. പള്ളിക്കൽ, റാന്നി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനകളെയാണ് ജില്ലയിലെ മികച്ച ഹരിത കർമ്മസേനകളായി തെരഞ്ഞെടുത്തത്. ഇവർക്കുളള ഉപഹാര വിതരണം സബ് കളക്ടർ സുമിത് കുമാർ ഠാക്കൂർ ഐഎഎസ് നിർവഹിച്ചു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, സ്വകാര്യ മേഖലയിലെ മികച്ച വനിതാ കണ്ടക്ടർ സിന്ധു സജി, ജൻശിക്ഷൺ സൻസ്ഥാൻ പത്തനംതിട്ട ചെയർപേഴ്സൺ ശ്രീലത കെ, നാടകകൃത്തും സംവിധായികയുമായ പ്രിയദ ഭരതൻ എന്നിവരെ പരിപാടിയിൽ ആദരിച്ചു.