പാലക്കാട് : ക്രൂരതയുടെ പര്യായമായി മാറുന്ന യുവത മനുഷ്യരോടു മാത്രമല്ല മിണ്ടാപ്രാണികളോടും കൈവിട്ട ക്രൂരതയാണ് കാട്ടുന്നത്. മത്സരത്തില്‍ പങ്കെടുക്കേണ്ട കുതിരയുടെ വേഗം കൂട്ടാന്‍ ഇടവേളകളില്‍ കരണ്ടടിപ്പിക്കുക. വണ്ടി കാളയുടെ വേഗത കൂട്ടാന്‍ കഴുത്തില്‍ ഇടിച്ച് വേഗത്തില്‍ ഓടിക്കാന്‍ യുവാക്കളുടെ ശ്രമം. ക്രൂരതകള്‍ നടുറോട്ടില്‍ പച്ചയ്ക്ക് അരങ്ങു വാണിട്ടും കണ്ണുകള്‍ അടച്ച് നിയമവും നിയമപാലകരും. പാലക്കാട് ദേശീയപാതയില്‍ ആലത്തൂരിനും കണ്ണനൂരിനുമിടയിലാണ് ക്രൂരത നിറഞ്ഞ മല്‍സരയോട്ടത്തിന് മുന്നോടിയായുള്ള കാളവണ്ടി, കുതിര വണ്ടി പരിശീലനം നടന്നത്. കുതിരയുടെ വേഗത കുറഞ്ഞുവെന്ന് തോന്നിയപ്പോള്‍ വണ്ടി ഓട്ടക്കാരന്‍ കൈയ്യിലിരുന്ന ഇലക്ട്രോണിക് യന്ത്രം ഉപയോഗിച്ച് കരണ്ടടിപ്പിക്കുന്നു. പ്രാണ വേദന കൊണ്ട് മിണ്ടാപ്രാണി ആവുന്നത്ര വേഗതയില്‍ നീങ്ങാന്‍ ശ്രമിക്കുന്നതും കാണാം. കണ്ട് ഹരം പിടിക്കാന്‍ കൈയ്യടിച്ചും ബഹളം കൂട്ടിയും യുവാക്കളുടെ നീണ്ട നിര. തീര്‍ന്നില്ല ക്രൂരത. വേഗത കുറഞ്ഞ കാളയുടെ കഴുത്തിനാണ് ബൈക്കിലെത്തിയുള്ള യുവാക്കളുടെ കുത്ത് അവിടെയും ഗത്യന്തരമില്ലാതെ മിണ്ടാപ്രാണി മുന്നോട്ട് കുതിക്കാന്‍ ശ്രമിക്കുന്നത് കാണാം.
ഇതെല്ലാം നടക്കുന്നത് ഇട റോഡിലോ കൃഷിയിടത്തിലോ അല്ല. സകലരുടെയും ശ്രദ്ധയെത്തുന്ന ദേശീയപാതയില്‍. പുതുവത്സര ത്തോടനുബന്ധിച്ച് തമിഴ്‌നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനാണ് ദേശീയപാതയില്‍ പരിശീലനം നടത്തിയത്. നിരവധി കാളവണ്ടിയും ഒരു കുതിരവണ്ടിയുമാണ് പരിശീലനത്തില്‍ പങ്കെടുത്തത്. മത്സരത്തിനിടയില്‍ ഒരു കാളവണ്ടി മറിയുകയും ചെയ്തു. പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനും ബൈക്കിലെത്തിയവര്‍ അപകടകരമായി ശ്രമിച്ചു. മനുഷ്യര്‍ക്കും, മൃഗങ്ങള്‍ക്കും അപകടകരമായി പരിശീലനം നടത്തിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ല എന്നതിനാല്‍ ഇവര്‍ വീണ്ടും പുതിയ ക്രൂരതകളെ തേടികണ്ടു പിടിച്ചു കൊണ്ടിരിക്കുന്നു.