മൈസൂരു : പുതിയ വിവാദ ഉത്തരവുമായി മൈസൂർ സർവകലാശാല. കോളേജ് ഹോസ്റ്റലിലെ മുഴുവൻ വിദ്യാർത്ഥികളും വൈകിട്ട് 6.30ന് ശേഷം ക്യാമ്പസിൽ നിന്ന് പുറത്തുപോകരുത് എന്നാണ് ഉത്തരവ്. 6.30 ന് ശേഷം പെൺകുട്ടികൾ മാത്രം പുറത്തുപോകരുതെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ഉത്തരവ്. മൈസൂരുവിൽ കോളേജ് വിദ്യാർത്ഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെ വിദ്യാർത്ഥിനികൾക്ക് മാത്രമായി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മൈസുരു സര്‍വ്വകലാശാല രംഗത്തെത്തിയിരുന്നു. പെൺകുട്ടികളുടെ സുരക്ഷയ്ക്കാണെന്നതാണ് ഇതിനായി നിരത്തുന്ന കാരണം.
അതേസമയം ആദ്യ ഉത്തരവിൽ ആൺകുട്ടികൾക്കായി യാതൊരുവിധ നിർദ്ദേശങ്ങളോ നിബന്ധനകളോ പുറപ്പെടുവിച്ചിരുന്നില്ല. 6.30 ന് ശേഷം കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പെൺട്ടികൾ പോകുന്നത് വിലക്കിയാണ് യൂണിവേഴ്സിറ്റി രജിസ്റ്റാർ ഓർഡർ ഇറക്കിയിരുന്നത്. സെക്യൂരിറ്റീ ജീവനക്കാർ വൈകീട്ട് ആറ് മുതൽ രാത്രി 9 വരെ പ്രദേശം നിരീക്ഷിക്കണമെന്നും പട്രോൾ നടത്തണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. ഈ തീരുമാനമാണ് ആൺകുട്ടികൾക്കു കൂടി ബാധകമാക്കി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 24ന് രാത്രി ഏഴരയോടെയാണ് സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. ബൈക്ക് തടഞ്ഞ് നിർത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തി പെൺകുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ബോധരഹിതയായ പെൺകുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികൾ രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.