റാന്നി : പെരുനാട് മടുത്തുമൂഴി ജംഗ്ഷനു സമീപമുള്ള സർവീസ് സഹകരണ ബാങ്കിന്‍റെ വക വസ്തു കയ്യേറി സ്വകാര്യവ്യക്തി അനധികൃതമായി ഹോട്ടൽ നിർമ്മിച്ചിരിക്കുന്നതായി പരാതി. ഹോട്ടലിൽ കളക്ടറും എംഎൽഎയും അടക്കം സൗഹൃദ സന്ദർശനം നടത്തുകയും ഹോട്ടലുടമയോടൊപ്പമുള്ള ചിത്രങ്ങൾ പകർത്തുകയുമുണ്ടായാതായി ആരോപണം. പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെയും ബാങ്കിന്‍റെ അനുവാദമില്ലാതെയാണ് ഈ കെട്ടിടം പണിതിരിക്കുന്നത്.
മരാമത്ത് വകുപ്പ് റോഡിൽ നിന്നും സമീപത്തുള്ള തോട്ടിൽ നിന്നും നിശ്ചിത അകലം പാലിക്കാതെയുമാണ് നിർമ്മാണം നടത്തിയെന്ന് പറയുന്നു. ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ് മഞ്ജുളഹരി, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം വസന്താ സുരേഷ്, വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ ബി.ജെ.പി പഞ്ചായത്ത് സെക്രട്ടറി വിനോദ് എം.എസ്, വാർഡ് വികസന സമിതി കൺവീനർ സാനു ടി.എസ് എന്നിവരാണ് പരാതിനൽകിയിട്ടുള്ളത്.
അനധികൃത നിർമ്മാണത്തിന് പരാതിയുള്ള സാഹചര്യത്തിൽ, കളക്ടറും, എം എൽ എ യും ഇത്തരം സന്ദർശനങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കെട്ടിടത്തിന്റെ നിർമ്മാണത്തിനായി സൊസൈറ്റിയിൽ നിന്നും 15 ലക്ഷത്തോളം രൂപ ഈടില്ലാതെ നൽകിയതായും ആരോപണം ഉയർന്നിരുന്നു. ജനങ്ങൾക്ക് നീതിയും ന്യായവും പക്ഷപാതപരമായി ലഭിക്കാൻ നിയുക്തരായ ഉദ്യോഗസ്ഥർ തന്നെ പരാതി അന്വേഷിക്കുവാൻ പോലും തയ്യാറാകാതെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് അപലപനീയമാണന്നാണ് പരാതിക്കാർ പറയുന്നത്.