കോട്ടയം : കോവിഡ് പ്രതിരോധ മുന്‍കരുതലുകളുടെ ഭാഗമായി കോട്ടയം ജില്ലയിലെ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. ജില്ലാ കളക്ടര്‍ എം. അഞ്ജന ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ ഹോട്ടലുകളില്‍ ഭക്ഷണം ഇരുന്ന് കഴിക്കാം. അഞ്ചു മണിക്കുശേഷം പാഴ്സല്‍ സര്‍വ്വീസ് മാത്രമേ പാടുള്ളൂ.
ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ക്കും അവര്‍ക്ക് രോഗപ്രതിരോധ പരിശീലനം നല്‍കുന്നതിനും ഹോട്ടല്‍ ഉടമകള്‍ നടപടി സ്വീകരിക്കും. ഹോട്ടലുകളില്‍ സാമൂഹിക അകലവും കൈകള്‍ ശുചികരിക്കുന്നതിനുള്ള സംവിധാനവും ഉറപ്പാക്കണം.
ബേക്കറികളില്‍ ആളുകളെ ഇരുത്തി ഭക്ഷണം വിതരണം ചെയ്യുന്നതിന് അനുമതിയില്ല. ലൈസന്‍സ് ഇല്ലാത്ത തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള താത്കാലിക ഭക്ഷണ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. വാഹനങ്ങളിലും ഭക്ഷണ വില്‍പ്പന നടത്താന്‍ പാടില്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍, ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് കെ.കെ. ഫിലിപ്പ് കുട്ടി എന്നിവര്‍ പങ്കെടുത്തു.