ചിറയിൻകീഴ് : കടയ്ക്കാവൂരിൽ പൂട്ടിയിട്ടിരുന്ന പ്രവാസിയുടെ വീട് കുത്തിത്തുറന്നു 41പവന്റെ സ്വർണാഭരണങ്ങളും യുഎഇ ദിർഹം ഉൾപ്പെടെ അരലക്ഷത്തിലധികം രൂപയും അപഹരിക്കപ്പെട്ട കേസിലെ നാലു പ്രതികളെ കടയ്ക്കാവൂർ പോലീസ് അറസ്റ്റു ചെയ്തു. കേസിലെ രണ്ടാം പ്രതി ആറ്റിങ്ങൽ ആർ.എസ്.നിവാസിൽ കണ്ണപ്പൻ എന്ന രതീഷ്(35), കടയ്ക്കാവൂർ മണനാക്കിനു സമീപം പെരുംകുളം തൊപ്പിച്ചന്ത റോഡുവിളവീട്ടിൽ സിയാദ്(27), വക്കം വലിയപള്ളി മേത്തര് വിളാകം വീട്ടിൽ സിയാദ്(20), മണനാക്ക് പെരുംകുളം എം.വി.പി.ഹൗസിൽ സെയ്ദലി(21) എന്നിവരെയാണു കടയ്ക്കാവൂർ സിഐ എസ്.എം.റിയാസ്, എസ്ഐ വിനോദ് വിക്രമാദിത്യൻ, ജിഎസ്ഐ മാഹീൻ, സിപിഒമാരായ ദിലീപ്, മഹേഷ്, ബിനു, ബിനോജ്, ജ്യോതിഷ്, സന്തോഷ് എന്നിവരടങ്ങിയ പോലീസ് സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ എട്ടിനാണു സംഭവം. മണമ്പൂർ പാർത്തുക്കോണം ക്ഷേത്രത്തിനു സമീപം എ.എസ്.ലാൻഡിൽ അശോകന്റെ വീടാണു സംഘം രാത്രിയിലെത്തി പ്രധാന വാതിൽ തകർത്തു മോഷണം നടത്തിയത്. പ്രതികൾ പകൽ സ്ഥലത്തു അലഞ്ഞുനടന്നു ആൾതാമസമില്ലാത്ത വീടുകൾ കണ്ടെത്തുകയും പിന്നീടു മാരകായുധങ്ങളുമായെത്തി കവർച്ച നടത്തുകയുമാണു ചെയ്തുവന്നിരുന്നത്. കേസിലെ മുഖ്യസൂത്രധാരൻ മണനാക്ക് സ്വദേശി യാസിൻ(23) ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. യാസിന്റെ വീട്ടിൽ ഒത്തുകൂടി രണ്ടാംപ്രതി രതീഷുമായി ചേർന്നാണു കവർച്ച ആസൂത്രണം ചെയ്തത്.
മോഷണം നടത്തിയ ശേഷം പ്രതികൾ ആറ്റിങ്ങലിലെത്തി പുതിയ മൊബൈൽ ഫോണുകൾ വാങ്ങി. മോഷ്ടിച്ച യുഎഇ ദിർഹം മാറ്റിയെടുത്തു . തുടർന്നു സ്വർണാഭരണങ്ങൾ തമിഴ്നാട്ടിലെത്തിച്ചു വിൽക്കുന്നതിനു പ്രതികൾ നടത്തിയ ശ്രമം പൊങ്കൽ അവധിയായിരുന്നതിനാൽ പരാജയപ്പെടുകയായിരുന്നു. റൂറൽ ജില്ല സൈബർ പോലീസിന്റെ സഹായത്തോടെയാണു പ്രതികളെ പിടികൂടുന്നതിനു വഴിയൊരുക്കിയത്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.