പത്തനംതിട്ട : കുന്നന്താനത്തെ കല്ലുങ്കൽ നെടുങ്ങാടപ്പള്ളി കിഴക്കയിൽ മത്തായി(73)യുടെ വീട് കവർച്ച കേസിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ മൂന്നാമനെയും പോലീസ് വലയിലാക്കി. 20 പവൻ സ്വർണവും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെ ആകെ 12,39,500 രൂപയുടെ മുതലാണ് നഷ്ടപ്പെട്ടത്. തിരുവനന്തപുരം നേമം പൊന്നുമംഗലം ഫർഹാൻ വില്ലയിൽ നവാസ് (52) ആണ് പോലീസ് നീക്കത്തിൽ കുടുങ്ങിയത്. തിരുവനന്തപുരത്തെ താമസസ്ഥലത്തു നിന്നാണ് വെള്ളിയാഴ്ച ഇയാളെ പിടികൂടിയത്. നെയ്യാറ്റിൻകര പള്ളിച്ചൽ ഭഗവതിനട വട്ടവിളപുത്തൻ വീട്ടിൽ അനിൽകുമാർ (44), പേരൂർക്കട കുടപ്പനക്കുന്ന് ജെപി ലെയ്ൻ പുല്ലുകുളം വീട്ടിൽ ബിജു കുമാർ (43) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. മെയ് 17ന് പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിൽ കുന്നന്താനം കല്ലുങ്കൽ നെടുങ്ങാടപ്പള്ളി കിഴക്കയിൽ മത്തായി(73)യുടെ വീട്ടിലാണ് കവർച്ച നടന്നത്. ഇദ്ദേഹവും ഭാര്യ ലില്ലിയും മാത്രമാണ് വീട്ടിൽ താമസം.
രണ്ടു മക്കളും വിദേശത്താണ്. ബന്ധുവീട്ടിൽ പോയപ്പോഴാണ് വീട് കുത്തിത്തുറന്നു കവർച്ച നടത്തിയത്. വീടിന്റെ മുൻ വാതിൽ പൂട്ട് പൊളിച്ച നിലയിലായിരുന്നു. കിടപ്പുമുറിയിലെ അലമാരകൾ കുത്തിത്തുറന്ന നിലയിലും. കിടപ്പുമുറിയിലെ സ്റ്റീൽ അലമാരയിലും ഭിത്തി അലമാരയിലും അതിഥി മുറിയിലെ രണ്ടു തടിയലമാരകളിലുമായി സൂക്ഷിച്ച 20 പവൻ സ്വർണവും ഹാളിലിരുന്ന 10,000 രൂപ വരുന്ന ലാപ്ടോപും കിടപ്പുമുറിയിലെ തടി അലമാരയിലിരുന്ന 15,000 രൂപയുടെ സി.സി.ടി.വിയുടെ ഡി.വി.ആറും മോണിറ്ററും 4000 രൂപ വിലവരുന്ന അഞ്ചു വാച്ചും കവർച്ച ചെയ്യപ്പെട്ടു. 15,000 രൂപയുടെ ഇന്ത്യൻ കറൻസി, 8000 രൂപയുടെ യുഎസ് ഡോളർ, 11500 രൂപയുടെ യു.എ.ഇ ദിർഹം എന്നിവയും നഷ്ടമായി. അയൽവാസിയുടെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കവർച്ച നടന്ന ദിവസം പുലർച്ചെ 3. 52 ന് സ്കൂട്ടറിൽ രണ്ടുപേർ സംശയകരമായി പോകുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സ്കൂട്ടറിന്റെ നമ്പർ കണ്ടെത്തി അതിൽനിന്ന് ഉടമസ്ഥനിലേക്ക് എത്തി. അയാളുടെ ഫോണിന്റെ സി.ഡി.ആർ പരിശോധിച്ച പോലീസ് പാപ്പനംകോട് ഉള്ള ലോഡ്ജിൽനിന്ന് ഉടമസ്ഥനായ ബിജുകുമാറിനെ പിടികൂടി. ലോഡ്ജ് വളപ്പിൽനിന്ന് സ്കൂട്ടറും കണ്ടെത്തി.
സി.സി.ടി.വി മോണിറ്ററും ലാപ്ടോപും വീട്ടിലെ കിണറ്റിൽ ഉപേക്ഷിച്ചതായും സ്വർണഭരണങ്ങൾ ഉൾപ്പെടെയുള്ളവ പാങ്ങോട് മിലിട്ടറി ക്യാമ്പിന് സമീപമുള്ള നവാസിനു കൈമാറിയതായും ഒന്നും രണ്ടും പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് നവാസിന്റെ മൊബൈൽ ഫോണിന്റെ സി.ഡി.ആർ പരിശോധിച്ച് തിരുവനന്തപുരം പേയാടുനിന്ന് പിടികൂടുകയായിരുന്നു. സ്വർണാഭരണങ്ങൾ വിറ്റവകയിൽ ലഭിച്ച ആറു ലക്ഷം രൂപയിൽ അനിൽകുമാറിന് രണ്ടു ലക്ഷവും ബിജു കുമാറിന് ഒരു ലക്ഷവും നൽകിയതായി നവാസ് സമ്മതിച്ചു.
ഇയാൾ 21 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മോഷ്ടാക്കൾക്കിടയിൽ ‘ബോസ്’ എന്നാണ് നവാസ് അറിയപ്പെടുന്നത്. കരാർ പറഞ്ഞു ഉറപ്പിച്ച് മോഷ്ടാക്കളെ വിവിധ സ്ഥലങ്ങളിലേക്ക് ദൗത്യത്തിന് അയക്കുന്നത് നവാസ് ആണ്. വാഹന സൗകര്യവും ഏർപ്പെടുത്തി കൊടുക്കും. വാഹനങ്ങളിൽ ജി.പി.എസ് സംവിധാനവും ഘടിപ്പിക്കും.