തിരുവനന്തപുരം: സ്വകാര്യ ബാങ്കില്‍നിന്നു എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയത് അന്വേഷിക്കാനെത്തിയ ജീവനക്കാര്‍ക്കു നേരേ മുളകുവെള്ളമൊഴിച്ച് വീട്ടമ്മയുടെ ആക്രമണം. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. കോട്ടുകാല്‍ പയറ്റുവിള സ്വദേശിയായ ലത ബാങ്കില്‍ നിന്നെടുത്ത വായ്പ മാസങ്ങളായി തിരിച്ചടവ് മുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ബാങ്കിലെ ജീവനക്കാര്‍ ലതയുടെ വീട്ടിലെത്തിയത്.
മുടങ്ങിയ തുക എത്രയും പെട്ടന്ന് അടയ്ക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ പ്രകോപിതയായ ലത ഇവരുടെ ദേഹത്തേക്ക് മുളക് കലക്കിയ വെള്ളമൊഴിക്കുകയായിരുന്നു. ജീവനക്കാരികളില്‍ ഒരാളായ പാറശാല സ്വദേശിയായ ജിനി മോളുടെ ദേഹത്തേക്കാണ് മുളകുവെള്ളം വീണത്. മറ്റു ജീവനക്കാരായ ഉഷ, അശ്വതി, ഇന്ദുലേഖ എന്നിവര്‍ ഓടിമാറിയതിനാല്‍ രക്ഷപെട്ടു. ദേഹത്തേക്ക് മുളകുവെള്ളം വീണതോടെ ജിനി മോള്‍ക്ക് നീറ്റലും അസ്വസ്ഥതയും അനുഭവപെട്ടു. ഇതേതുടര്‍ന്ന് ജിനി മോളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ജിനിമോള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.