പട്ന: ബിഹാറിൽ 21 ദലിത് കുടുംബങ്ങളുടെ വീടുകൾക്ക് തീയിട്ട് അക്രമികൾ. നവാദ ജില്ലയിലാണ് ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. വസ്തുതർക്കത്തിന്റെ പേരിലാണ് വീടുകൾക്ക് തീയിട്ടതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പ്രധാന പ്രതി ഉൾപ്പടെ 15 പേർ അറസ്റ്റിലായെന്നും പോലീസ് അറിയിച്ചു. ബിഹാറിൽ ജംഗിൾ രാജാണ് നിലനിൽക്കുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സംഭവമെന്നും കോൺഗ്രസ് വ്യക്തമാക്കി. ആദ്യം പുറത്ത് വന്ന വിവരപ്രകാരം 80 വീടുകൾക്ക് തീയിട്ടുവെന്നാണ് റിപ്പോർട്ട്. എന്നാൽ പിന്നീട് 21 വീടുകൾക്ക് മാത്രമാണ് തീയിട്ടതെന്ന് പോലീസ് പറഞ്ഞത്. കൂടുതൽ സംഘർഷ സാധ്യത ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് വൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
തങ്ങളുടെ താമസസ്ഥലത്തേക്ക് ഇരച്ചുകയറിയെത്തി അക്രമികൾ നിരവധി കുടുംബങ്ങളെ മർദിക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തുവെന്ന് ഗ്രാമീണർ പറഞ്ഞു. അക്രമികൾ ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തുവെന്ന് ഗ്രാമീണർ ആരോപിച്ചു. അതേസമയം സംഭവസ്ഥലത്ത് നിന്ന് വെടിയുണ്ടകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് സൂപ്രണ്ട് അഭിനവ് ദിമാൻ പറഞ്ഞു. ഒരാൾക്കാണ് ആക്രമണത്തിനിടെ പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉന്നതതല യോഗം വിളിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.