അടിമാലി : മൂന്ന് മക്കളുള്ള തങ്കമണി സ്വദേശിനിയെ ദുരൂഹസാഹചര്യത്തിൽ കാണാതായതായി പരാതി. സംഭവം സംബന്ധിച്ച് വെള്ളത്തൂവൽ പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ ഇവരോടൊപ്പം താമസിച്ചിരുന്ന യുവാവിനെയും കാണാതായി. സംഭവത്തിൽ ദുരൂഹതയുള്ളതായി വെള്ളത്തൂവൽ പോലീസ്.
ഭർത്താവുമായി പിണങ്ങി പണിക്കൻകുടിയിൽ വാടക വീട്ടിലായിരുന്നു സ്ത്രീ താമസിച്ചിരുന്നത്. ഒരുവർഷമായി പണിക്കൻകുടി സ്വദേശിയുടെ ഒപ്പമായിരുന്നു താമസം. സ്ത്രീയെ ഈമാസം 12 മുതൽ പണിക്കൻകുടിയിൽനിന്നാണ് കാണാതായത്. ഇത് സംബന്ധിച്ച് യുവതിയുടെ അമ്മ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകി. കൂടെ താമസിച്ചിരുന്ന യുവാവിനെ ചോദ്യംചെയ്യാൻ പോലീസ് തീരുമാനിച്ചു. ഇത് അറിഞ്ഞതോടെയാണ് യുവാവിനെയും കാണാതായത്. ഇതാണ് ദുരൂഹതയ്ക്ക് കാരണം. ഇരുവരും തമ്മിൽ അടുത്തിടെ അഭിപ്രായവ്യത്യാസം ഉണ്ടായതായും യുവതിയെ മർദിച്ചിരുന്നതായും അമ്മയുടെ പരാതിയിൽ പറയുന്നു.
സ്ത്രീയുടെ മകനെ ബന്ധുവീട്ടിൽ ഏൽപ്പിച്ചതിന് ശേഷമാണ് യുവാവ് മുങ്ങിയത്. ഇരുവരുടെയും തിരോധാനത്തെപ്പറ്റി ഇടുക്കി ഡി.വൈ.എസ്.പി ഇമ്മാനുവൽ പോൾ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. വെള്ളത്തൂവൽ ഇൻസ്പെക്ടർ ആർ.കുമാർ, എസ്.ഐ മാരായ രാജേഷ് കുമാർ, സജി എൻ പോൾ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. യുവാവിന്റെ ഫോൺ ലൊക്കേഷൻ തമിഴ്നാട്ടിൽ കണ്ടതോടെ അന്വേഷണസംഘം തമിഴ്നാട്ടിലും യുവാവിനായി അന്വേഷണം തുടങ്ങി.
ഇളയ മകനോടൊപ്പമാണ് യുവതി ആദ്യം വാടകയ്ക്ക് താമസിച്ചിരുന്നത്. യുവതിയെ കാണാതായതിന് ശേഷം യുവാവിന്റെ പ്രവൃത്തിയിലും സംസാരത്തിലും ഉണ്ടായ സംശയമാണ് പരാതിക്ക് ഇടയാക്കിയത്. സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സി.പി.എമ്മും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.