കോന്നി : അച്ഛൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട അമ്മയ്ക്കും മക്കൾക്കും വീട്ടമ്മ രക്ഷകയായി. വ്യാഴാഴ്ച്ച വൈകിട്ട് ആറോടെ അച്ഛൻകോവിലാറ്റിലെ ഐരവൺ പറമ്പിനാട്ട് കടവിലാണ് സംഭവം. ഐരവൺ പെരുംതോട്ടത്തിൽ രാജേഷിൻ്റെ ഭാര്യ ശ്രീജ(39), രാജേഷിൻ്റെ അനുജൻ രതീഷിൻ്റെ മകൻ കാർത്തിക് (12),സഹോദരി രജനിയുടെ മകൻ തേജസ് (13) എന്നിവരാണ് ഒഴുക്കിൽ പെട്ടത്. കുട്ടികൾ ആറ്റിൽ വെള്ളത്തിൽ കളിക്കുന്നതിനിടെ കാർത്തികാണ് ആദ്യം ഒഴുക്കിൽ പെട്ടത്.
ഈ സമയം തൊഴിലുറപ്പ് ജോലി കഴിഞ്ഞ് കടവിൽ കുളിക്കാനെത്തിയ ശാന്തകുമാരിയമ്മ ആറ്റിലേക്ക് ചാടി കാർത്തികിനെ രക്ഷപെടുത്തി കരയ്ക്കെത്തിക്കുന്നതിനിടെ തേജസും തേജസിനെ രക്ഷിക്കാൻ ശ്രമിച്ച ശ്രീജയും ഒഴുക്കിൽ പെടുകയായിരുന്നു. കാർത്തികിനെ അടിയൊഴുക്കുള്ള നദിയിൽ നീന്തി കരയ്ക്ക് എത്തിച്ചതിന് ശേഷം വീണ്ടും നീന്തിയാണ് ശ്രീജയേയും തേജസിനേയും രക്ഷപെടുത്തിയത്.
”എൻ്റെ ജീവൻ പോകുന്നുവെങ്കിൽ പൊയ്ക്കോട്ടെ, എനിക്കിത്രയും പ്രായമില്ലേ. അവർ ചെറുപ്പമല്ലേ…അവരെ രക്ഷിക്കണമെന്നേ എനിക്ക് ഉണ്ടായിരുന്നുള്ളു” എന്നാണ് സംഭവത്തെ കുറിച്ച് അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ഐരവൺ മംഗലത്ത് വീട്ടിൽ ശാന്തകുമാരിയമ്മയുടെ വാക്കുകളാണിത്.
സംഭവം സമൂഹ മാധ്യമങ്ങളിൽ അടക്കം ചർച്ചയായതിനെ തുടർന്ന് നിരവധിപേരാണ് ശാന്തകുമാരിയമ്മയ്ക്ക് അഭിനന്ദന പ്രവാഹവുമായി എത്തിയത്. അരുവാപ്പുലം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശാന്തകുമാരിയമ്മയെ ആദരിച്ചു.
അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മണിയമ്മ രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മമറിയം റോയ് തുടങ്ങിയവർ ശാന്തകുമാരിയമ്മയെ വീട്ടിൽ എത്തി ആദരിച്ചിരുന്നു.