പത്തനംതിട്ട : വൃത്തിയുടെയും മാലിന്യ സംസ്കരണ സംവിധാനങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെയും ജില്ലകളെയും റാങ്ക് ചെയ്യാനൊരുങ്ങി കേന്ദ്ര ജൽ ശക്തി മന്ത്രാലയം. സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ രണ്ടാം ഫേസിന്റെ ഭാഗമായാണ് രാജ്യത്ത് വിപുലമായ സർവേ നടപടികൾക്ക് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. രാജ്യത്തെ ഗ്രാമീണ മേഖലയിലെ ശുചിത്വമാണ് കേന്ദ്ര സർക്കാർ സർവേയുടെ മാനദണ്ഡം. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന തല ശിൽപ്പശാലകൾ ശുചിത്വ മിഷൻ പൂർത്തിയാക്കി. 2025 ജൂൺ- ജൂലൈ മാസങ്ങളിലായാണ് സർവേ നടപടികൾ പത്തനംതിട്ട ജില്ലയിൽ നടക്കുന്നത്. ജില്ലയിൽ ഈ ആഴ്ച്ച തന്നെ സർവേയ്ക്ക് തുടക്കമായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ശുചിത്വം- മാലിന്യ നിർമ്മാർജ്ജനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അംഗീകൃത ഏജൻസികൾ വഴിയാണ് രാജ്യത്ത് കേന്ദ്ര സർക്കാർ സ്വച്ഛ് സർവേഷൻ ഗ്രാമീൺ 2025 എന്ന പേരിൽ റൂറൽ സാനിറ്റേഷൻ സർവേ നടത്തുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, അംഗൻവാടികൾ, പൊതു ശൗചാലയങ്ങൾ, പൊതു മാർക്കറ്റുകൾ, വീടുകൾ, സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുളള മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവടങ്ങളിലെല്ലാം കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ ഏജൻസികൾ നേരിട്ട് എത്തി പരിശോധിച്ച് മാർക്കിടും.
കേരളത്തിലെ 14 ജില്ലകളിലായി ആകെ 462 വില്ലേജുകൾ കേന്ദ്രീകരിച്ച് ഇത്തരത്തിൽ വിപുലമായ പരിശോധനകൾ നടക്കും. സ്വച്ഛ് സർവേഷൻ ഗ്രാമീൺ 2025 (എസ്എസ്ജി 2025) ന് ജില്ലയെ സജ്ജമാക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപന ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ട് റൗണ്ട് യോഗങ്ങൾ പത്തനംതിട്ട ജില്ല ശുചിത്വ മിഷൻ പൂർത്തിയാക്കിക്കഴിഞ്ഞു. ഓരോ ജില്ലയിലും ചുരുങ്ങിയത് 20 വില്ലേജുകളിൽ പരിശോധനകൾ നടത്തും. ജില്ലയിലെ ജനസംഖ്യ അനുസരിച്ച് ഈ എണ്ണം ഉയർന്നേക്കാം. തെരഞ്ഞെടുക്കുന്ന ഓരോ വില്ലേജുകളിലെയും 20 മുതൽ 30 വീടുകളിൽ വരെ നേരിട്ട് എത്തി വൃത്തിയും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ജനങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞ് സർവേ സംഘം മാർക്കിടും. ജില്ല അടിസ്ഥാനത്തിൽ 1000 മാർക്കിലാണ് അസസ്മെന്റ് നടത്തുന്നത്. നാല് ഘടകങ്ങളാണ് എസ്എസ്ജി 2025 ന്റെ റാങ്കിംഗ് പ്രക്രിയ്ക്ക് ഉളളത്. ഇതിൽ ഒന്നാം ഘടകം 240 മാർക്കുളള ഡെസ്ക് ടോപ്പ് വേരിഫിക്കേഷനാണ്. രണ്ടാം ഘടകം ഫീൽഡ് ലെവൽ സർവേ കം ഒബ്സർവേഷൻ പ്രോസസ് ആണ്. ഇതിന് ആകെ 540 മാർക്കാണുളളത്.
എസ്എസ്ജി 2025 ന്റെ മൂന്നാം ഘടകത്തിന് 120 മാർക്കാണ് ഉളളത്. അതാത് ജില്ലകളിലെ വേസ്റ്റ് മാനേജ്മെന്റ് ഫെസിലിറ്റികൾ നേരിട്ട് സന്ദർശിച്ചാണ് ഈ മാർക്ക് രേഖപ്പെടുന്നത്. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് യൂണിറ്റുകളുടെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയും ഗോബർദ്ധൻ പ്ലാന്റിന്റെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയും ശുചിമുറി മാലിന്യ സംസ്കരണ സംവിധാനത്തെ വിലയിരുത്തിയുമാണ് ഈ മാർക്ക് നൽകുന്നത്. എസ്എസ്ജി 2025 ന്റെ നാലാം ഘടകം സിറ്റീസൺ ഫീഡ്ബാക്ക് രീതിയിലാണ് വിലയിരുത്തുന്നത്. ഇതിന് 100 മാർക്കാണ് ആകെ ഉളളത്. ഇതിൽ പ്രധാനം സ്വച്ഛ് സർവേഷൻ മൊബൈൽ ആപ്പിലൂടെ ജില്ലയിലെ പൗരന്മാർ നടത്തുന്ന വിലയിരുത്തലിനെ അടിസ്ഥാനമാക്കി ഉളളതാണ്. ആഡ്രോയിഡ് ഫോണുകളിലും ഐഒഎസ് ഫോണുകളിലും എസ്ബിഎംഎസ്എസ്ജി 2025 (SBMSSG2025) മൊബൈൽ ആപ്ലിക്കേഷൻ വഴി പൊതുജനങ്ങൾക്ക് തങ്ങളുടെ പ്രതികരണങ്ങൾ നേരിട്ട് അറിയിക്കാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഒഎസ് ആപ്പ് സ്റ്റോറിലും പ്രസ്തുത ആപ്ലിക്കേഷൻ ലഭ്യമാണ്. ഇത് ഡൗൺലോഡ് ചെയ്യുകയും ലഘുവായ ചോദ്യങ്ങൾക്ക് ഉത്തരം നൽകി പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. ചോദ്യങ്ങൾ മലയാളത്തിലും ലഭ്യമാണ്.
എസ്എസ്ജിയുമായി ബന്ധപ്പെട്ട ജില്ലയിൽ മികച്ച പ്രവർത്തനം നടത്തുന്ന അഞ്ച് പഞ്ചായത്തുകളെ പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ നേരിട്ട് ആദരിക്കും. രാജ്യത്ത് ആകെ 761 ജില്ലകളിലായി തെരഞ്ഞെടുത്ത 21,000 വില്ലേജുകളിലാണ് ശുചിത്വവും മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് റൂറൽ സെക്ടറിൽ കേന്ദ്ര സർക്കാർ സ്വച്ഛ് സർവേഷൻ ഗ്രാമീൺ 2025 പദ്ധതിയുടെ ഭാഗമായി സർവേ നടത്തുന്നത്.