കിടപ്പുമുറിയിലെ പ്രധാന വസ്തുക്കളിൽ ഒഴിച്ചുകൂടാനാവാത്തവയാണ് കട്ടിൽ, മെത്ത, തലയിണ, കിടക്കവിരി എന്നിവ. എന്നാൽ ഇവ വൃത്തിയാക്കുന്ന കാര്യം എത്രപേർ ശ്രദ്ധിക്കുന്നുവെന്നത് പ്രധാന ചോദ്യമാണ്. ഒരു കിടക്കവിരി എത്രനാൾ വരെ ഉപയോഗിക്കാം എന്നറിയേണ്ടത് ആരോഗ്യപരമായും ശുചിത്വപരമായും വ്യക്തിത്വപരമായും പ്രധാനമായ ഒന്നാണ്. പല രാജ്യങ്ങളിൽ നടത്തിയ സർവേ പ്രകാരം അവിവാഹിതരായ പുരുഷൻമാർ, ആൺകുട്ടികൾ നാലോ അഞ്ചോ മാസം കൂടുമ്പോഴോ അല്ലെങ്കിൽ അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ മാത്രമാണ് കിടക്കവിരി കഴുകുന്നത്. അവിവാഹിതരായ സ്ത്രീകളും പെൺകുട്ടികളും രണ്ടാഴ്ച കൂടുമ്പോൾ കിടക്ക വൃത്തിയാക്കുന്നതായും സർവേയിൽ കണ്ടെത്തി. ദമ്പതിമാർ രണ്ടാഴ്ചയോ മൂന്നാഴ്ചയോ കൂടുമ്പോൾ കൂടുമ്പോൾ വൃത്തിയാക്കുമെന്നും പഠനത്തിൽ പറയുന്നു.
രണ്ടാഴ്ച കൂടുമ്പോഴോ ഒരാഴ്ചക്കിടയിലോ കിടക്കവിരി മാറ്റേണ്ടത് വളരെ പ്രധാനമാണ്. പുതിയവ വാങ്ങുകയോ വൃത്തിയായി കഴുകി ഉണക്കിയോ ഉപയോഗിക്കാം. ചൂടു കാലങ്ങളിൽ വിയർപ്പും മറ്റും കാരണം കിടക്കവിരിയിൽ വളരെ വേഗത്തിൽ അഴുക്ക് പറ്റാൻ ഇടയുണ്ട്. ഭക്ഷണ അവശിഷ്ടങ്ങളും കറയും ഒക്കെ വീണും പെട്ടെന്ന് മുഷിയാം. വരണ്ട ചർമകോശങ്ങൾ കിടക്കയിൽ വീഴുന്നത് ക്ഷുദ്രജീവികൾ പെരുകുന്നതിനും കാരണമാവും. ഇത് ചർമരോഗങ്ങളിലേക്കും നയിക്കും. തണുപ്പ് കാലങ്ങളിൽ ഇടയ്ക്കിടെ കഴുകുന്നതിൽ ഇളവ് വരുത്താമെങ്കിലും ചൂടുകാലങ്ങളിൽ കിടക്കവിരി രണ്ടാഴ്ച കൂടുമ്പോൾ കഴുകേണ്ടത് വളരെ പ്രധാനമാണ്. നല്ല വൃത്തിയുള്ള കിടക്കവിരി സുഖകരമായ ഉറക്കത്തിന് സഹായിക്കുകയും മനസ് ശാന്തമായിരിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പഠനങ്ങളിൽ വ്യക്തമാക്കുന്നു.