തൃശൂർ : തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിലെ സ്വർണത്തിന്റെ അളവെത്രയെന്ന് അറിയണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ രംഗത്തെത്തി. സ്വർണക്കിരീടം എന്ന പേരിൽ ചെമ്പിൽ സ്വർണം പൂശി നൽകിയെന്ന് ആരോപണം ഉയർന്നുവന്നതിന് പിന്നാലെയാണ് കൗൺസിലറായ ലീല വർഗീസ് സ്വർണത്തിന്റെ അളവറിയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.ലൂർദ് ഇടവക പ്രതിനിധി യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.’ലൂർദ് മാതാവിന് എത്രയോ പവന്റെ സ്വർണക്കിരീടം കിട്ടിയതായി അറിഞ്ഞു.
ചെമ്പിൽ സ്വർണം പൂശിയതായാണെന്നാണ് ഇടവകയിൽ വരുന്ന പൊതുജനങ്ങൾ പറഞ്ഞറിയാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിൽ കിരീടം എത്ര പവനാണെന്നറിയാൻ താൽപര്യമുണ്ടെന്ന് അച്ചനെ അറിയിച്ചിട്ടുണ്ട്’’ എന്നാണ് ലീല വർഗീസ് പറഞ്ഞത്.മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് സുരേഷ് ഗോപി കുടുംബ സമേതം എത്തി പള്ളിയിൽ സ്വർണകിരീടം സമർപ്പിച്ചത്. മകളുടെ വിവാഹത്തിന് മുമ്പായി ലൂര്‍ദ് മാതാവിന് സ്വർണക്കിരീടം സമര്‍പ്പിക്കുമെന്ന് നേര്‍ച്ചയുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായാണ് സമര്‍പ്പണമെന്നുമാണ് സുരേഷ്‌ഗോപി പറഞ്ഞത്.മാതാവിന്റെ രൂപത്തിൽ അണിയിച്ച കിരീടം അല്പസമയത്തിനകം താഴെ വീണതോടെ സുരേഷ് ഗോപിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ പരിഹാസവും ഉയർന്നിരിന്നു.