ഉറക്കം എന്നത് നമ്മുടെ ആരോഗ്യത്തിന് പരമപ്രധാനമാണ്. എന്നാല്‍ ഉറക്കം സുഖകരമാകാത്തവരും ഉറങ്ങിയെഴുന്നേറ്റാല്‍ ശരീരവേദനയടക്കം പല അസ്വസ്ഥതകളും ഉണ്ടാകുന്നവരുമുണ്ട്. വാസ്തവത്തില്‍ നാം കിടക്കുന്ന പൊസിഷന്‍ നമ്മുടെ ആരോഗ്യത്തെ പല രീതിയിലും സ്വാധീനിയ്ക്കുന്നുണ്ട്. ചില പ്രത്യേക രോഗാവസ്ഥയുള്ളവര്‍ ചില പ്രത്യേക പൊസിഷനുകളില്‍ ഉറങ്ങുന്നതും ചില പൊസിഷനുകള്‍ ഒഴിവാക്കുന്നതും ഗുണകരമാണ്. ഇതെക്കുറിച്ചറിയാം. ചില പ്രത്യേക രോഗങ്ങളുള്ളവര്‍ ചില പ്രത്യേക പൊസിഷനുകളില്‍ ഉറങ്ങുന്നത് ദോഷം വരുത്തും. ആര്‍ക്കെല്ലാം എന്തെല്ലാം തരം പൊസിഷനുകളാണ് ചേരുന്നത് എന്നറിയാം.
എന്നാല്‍ പലവിധ രോഗങ്ങള്‍ക്കും ചില പ്രത്യേക പൊസിഷനുകളില്‍ ഉറങ്ങുന്നത് നല്ലതല്ല. ചെറിയ കുട്ടികള്‍ക്ക് ഏത് പൊസിഷനില്‍ വേണമെങ്കിലും ഉറങ്ങാം. എന്നാല്‍ 30കളിലും മറ്റും നാം ഉറങ്ങുന്ന പൊസിഷനുകളും നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. പ്രത്യേകിച്ചും എല്ലിന്റെ ആരോഗ്യത്തിന്. നാം ഉപയോഗിയ്ക്കുന്ന കിടക്ക വല്ലാതെ മൃദുവായതോ കട്ടിയുള്ളതോ ആവരുത്. നട്ടെല്ലിന് താഴത്ത് വേദനയെങ്കില്‍ മലര്‍ന്ന് കിടന്നോ ചരിഞ്ഞു കിടന്നോ ഉറങ്ങാം. ഇത് നട്ടെല്ലിന് സുഖം നല്‍കും. മിക്കവാറും പേരും ഒരു വശത്തേയ്ക്ക് ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നവരാണ്. ചെരിഞ്ഞ് കിടന്നുറങ്ങുന്നത് എല്ലിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതുപോലെ കഴുത്ത് വേദനയുള്ളവര്‍ ഇടത്തരം പൊക്കമുള്ള തലയിണ വെച്ച് കഴുത്തിന്റെ ഭാഗത്ത് സപ്പോര്‍ട്ട് നല്‍കുന്ന ഗുണം നല്‍കും. ഇവര്‍ക്ക് ചരിഞ്ഞ് കിടക്കുന്നത് നല്ലതാണ്. എന്നാല്‍ ഷോള്‍ഡര്‍ വേദനയുണ്ടെങ്കില്‍ മലര്‍ന്ന് കിടന്നുറങ്ങുന്നതാണ് നല്ലത്. നട്ടെല്ലിന് വേദനയെങ്കില്‍ ഇത്തരക്കാര്‍ കമഴ്ന്ന് കിടന്നുറങ്ങുന്നത് നല്ലതല്ല. കാരണം നാം ഇങ്ങനെ കിടക്കുമ്പോള്‍ കഴുത്ത് ഒരു വശത്തേയ്ക്ക് വെയ്ക്കാറുണ്ട്. ഇത് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കും.
ഗര്‍ഭകാലത്ത് മലര്‍ന്ന് കിടന്ന് ഉറങ്ങുന്നത് നല്ലതല്ല. ഇത് നട്ടെല്ലിന് കൂടുതല്‍ മര്‍ദ്ദ മുണ്ടാക്കും. അമിതവണ്ണം, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ പോലുള്ളവ പ്രശ്‌നമെങ്കിലും മലര്‍ന്ന് കിടക്കുന്നത് നല്ലതല്ല. കഴിവതും ഇടതുവശം ചരിഞ്ഞ് കിടന്നുറങ്ങുന്നതാണ് നല്ലത്. ഇത് ദഹനേന്ദ്രിയത്തിന് നല്ലതാണ്. രക്തപ്രവാഹത്തിന് നല്ലതാണ്. ഇതാണ് ഗര്‍ഭിണികള്‍ക്കും കൂടുതല്‍ നല്ലത്. വലത് വശം ചരിഞ്ഞ് കിടക്കുമ്പോള്‍ ലിവറിന് സമ്മര്‍ദമുണ്ടാകുന്നു. ചുമ വരുന്നവര്‍, മൂക്കടപ്പുള്ളവര്‍ എന്നിവര്‍ക്ക് ചരിഞ്ഞ് കിടക്കുന്നത് നല്ലതാണ്. ഇതുപോലെ കമഴ്ന്നുകിടക്കുന്നതും നല്ലതാണ്. ഇതേ രീതിയില്‍ കിടക്കുമ്പോള്‍ നമ്മുടെ മുഖത്തിന്റെ വശം അമരുന്നതിനാല്‍ മുഖത്തിന് ചുളിവ് സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഇത്തരം കാര്യത്തില്‍ ശ്രദ്ധയുള്ളവര്‍ക്ക് മലര്‍ന്ന് കിടക്കുന്നത് നല്ലതാണ്. തീരെ ചെറിയ കുട്ടികളിലും ചെറുപ്പക്കാരിലും മെലിഞ്ഞവര്‍ക്കും ഇത്തരം പൊസിഷനുകള്‍ പ്രശ്‌നമുണ്ടാക്കുന്നില്ലെങ്കിലും മറ്റ് പ്രശ്‌നങ്ങളുള്ളവര്‍ കിടക്കുന്ന പൊസിഷന്‍ ശ്രദ്ധിയ്ക്കുന്ന പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഒരു പരിധി വരെ പരിഹാരമാകും.