എമിഷന്റെ കാര്യത്തിലും മറ്റും ഡീസൽ കാറുകൾ പ്രശ്നമാണ് എങ്കിലും വാഹനപ്രേമികൾക്കിടയിൽ ഡീസൽ എഞ്ചിനുകളോടുള്ള പ്രിയം വളരെ വലുതാണ്. ഡീസൽ വാഹനങ്ങൾ ഓടിച്ച് ശീലിച്ച ആളുകൾക്ക് പെട്രോൾ വാഹനങ്ങൾ പോലും ഓടിക്കാൻ വലിയ താല്പര്യം ഉണ്ടാകില്ലെന്ന് പറയാറുണ്ട്. ഡീസൽ കാറുകളുടെ മെയിന്റനൻസ് ചിലവേറിയതാണ്. എങ്കിലും മൈലേജിന്റെ കാര്യത്തിലും മറ്റും ഡീസൽ കാറുകൾ മികച്ചുനിൽക്കുന്നു. ഡീസൽ കാറുകൾ ഡ്രൈവ് ചെയ്യുമ്പോഴും പരിപാലിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം. പെട്രോൾ കാറായാലും ഡീസൽ കാറായാലും ഇന്ധനം കുറഞ്ഞിരിക്കുന്ന അവസരത്തിൽ വാഹനം ഓടിക്കരുത്. ഡീസൽ കാറുകളുടെ കാര്യത്തിൽ, എഞ്ചിന്റെ നിരവധി നിർണായക പാർട്സുകൾക്ക് ഡീസൽ ഒരു ലൂബ്രിക്കന്റായി പ്രവർത്തിക്കുന്നു. ടാങ്കിൽ ഇന്ധനത്തിന്റെ അളവ് കുറയുമ്പോൾ ഡീസലിന് പകരം ഫ്യൂവൽ പമ്പ് വലിച്ചെടുക്കുന്നത് വായുവായിരിക്കും. ഇത് ഘർഷണം വർധിപ്പിച്ച് എഞ്ചിൻ കേടാകാൻ കാരണമാകുന്നു. ലോ ഫ്യുവലിൽ വാഹനം ഓടിച്ചാൽ ടാങ്കിന്റെ അടിയിലുള്ള പൊടിയും മറ്റും എഞ്ചിനിലേക്ക് വലിച്ചെടുക്കപ്പെടുന്നു. അതുകൊണ്ട് എപ്പോഴും ടാങ്കിൽ ഫ്യുവൽ നിറയ്ക്കാൻ ശ്രദ്ധിക്കുക.
ഡീസൽ എഞ്ചിനുകൾ രാവിലെ സ്റ്റാർട്ട് ചെയ്താൽ അത് ചൂടാക്കാൻ കുറച്ച് സമയം നൽകുക. ഇതോടെ പവർട്രെയിൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കോൾഡ് റിവ്വിങ് എന്നാൽ എഞ്ചിൻ സ്റ്റാർട്ട് ചെയ്ത ഉടൻ തന്നെ റിവൈവ് ചെയ്യുന്നതാണ്. സ്റ്റാറ്റിക് മോഡിൽ ഓയിൽ കട്ടി കൂടിയതും ലൂബ്രിക്കേഷൻ കുറവുമായിരിക്കും. ഇത് എഞ്ചിന് കേടാണ്. പിസ്റ്റണുകൾ, പിസ്റ്റൺ റിങ്സ്, വാൽവുകൾ, സിലിണ്ടറുകൾ തുടങ്ങിയ പാർട്ടുകൾക്ക് വേഗത്തിൽ തേയ്മാനം വരാൻ കാരണമാകും. ഹൈ ഗിയറിലും ലോ ആർപിഎമ്മിലും വാഹനമോടിക്കുന്നതിനെ ലഗ്ഗിങ് എന്നാണ് വിളിക്കുന്നത്. ഇത് നിങ്ങളുടെ കാറിന്റെ എഞ്ചിനും ട്രാൻസ്മിഷനും കാര്യമായ കേടുപാടുകൾ വരുത്തും. ഇങ്ങനെ ചെയ്യുമ്പോൾ എഞ്ചിനിൽ വലിയ സമ്മർദ്ദം ഉണ്ടാവുകയും നിർണായക പാർട്ടുകൾക്ക് തേയ്മാനം ഉണ്ടാക്കുകയും ചെയ്യും. ഇത് കാറിന്റെ പെർഫോമൻസിനെയും ആയുസിനെയും ബാധിക്കുന്നു. നിങ്ങളുടെ കാറിന് കമ്പനി നിർദ്ദേശിക്കുന്ന ആർപിഎം ലിമിറ്റിൽ തന്നെ ഡ്രൈവ് ചെയ്യുക.
ഡീസൽ വാഹനങ്ങളിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട ഘടകമാണ് ഡിപിഎഫ് അഥവാ ഡീസൽ പാർട്ടിക്യുലേറ്റ് ഫിൽറ്റർ. ഇത് നിങ്ങളുടെ വാഹനത്തിൽ നിന്ന് പുറന്തള്ളുന്ന ദോഷകരമായ എമിഷൻ ഘടകങ്ങളെ തടയാനുള്ളതാണ്. ഈ ഫിൽറ്റർ ഓരോ സർവീസിലും വൃത്തിയാക്കേണ്ടതുണ്ട്. ഡിപിഎഫിൽ പലതും അടിഞ്ഞിരിക്കും എന്നതിനാൽ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. പെർഫോമൻസ്, പവർ, മൈലേജ് എന്നിവയെ ഡിപിഎഫ് ബാധിക്കും. ഡീസൽ കാറുകളുടെ എക്‌സ്‌ഹോസ്റ്റിൽ നിന്ന് കറുത്ത പുക വരുന്നത് പതിവ് കാഴ്ചയാണ്. പല ഡ്രൈവർമാരും ഇത് അവഗണിക്കുന്നു. എന്നാൽ ഇത് ദീർഘ കാലം ഇത്തരത്തിൽ കറുത്ത പുക വന്നാൽ വാഹനത്തിന് കാര്യമായ പ്രശ്‌നമുണ്ടായേക്കും. എക്‌സ്‌ഹോസ്റ്റിൽ നിന്ന് പുക ഉയരുന്നത് എഞ്ചിനെ തടസപ്പെടുത്തുന്ന എന്തെങ്കിലും പ്രശ്നമുള്ളതിന്‍റെ സൂചനയാണ്. തണുത്ത കാലാവസ്ഥയിൽ വാഹനങ്ങൾ കുറച്ച് പുക പുറന്തള്ളുന്നത് സാധാരണമാണ്. ഇത് പൊതുവെ നീരാവിയാണ്. സാധാരണ കാലാവസ്ഥയിൽ എക്‌സ്‌ഹോസ്റ്റിൽ നിന്ന് പുക പുറത്തേക്ക് വരുന്നതിലൂടെ എഞ്ചിനിൽ എന്തെങ്കിലും തകരാറുണ്ടെന്ന് വേണം മനസിലാക്കാൻ.