പനിച്ച് വിറയ്ക്കുകയാണ് കേരളം. പനി മരണങ്ങളും കൂടുന്നു. പല തരത്തിലുള്ള പനികളാണ് എങ്ങും പടര്‍ന്ന് പിടിക്കുന്നത്. സാധാരണ പനി വന്നാല്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മാറും. എന്നാല്‍ ഇപ്പോഴത്തെ പനി അങ്ങനെയല്ല. പനി നാളുകള്‍ നീണ്ടു നില്‍ക്കുന്നു. തലവേദനയും അമിതമായ ക്ഷീണവും നമ്മെ അലട്ടുന്നു. കടുത്ത ചൂടായിരുന്നു ഇക്കുറി. ഇത് പെട്ടെന്ന് തണുപ്പിലേയ്ക്ക് മാറി. ഇത് വൈറസിന് അനുകൂല സാഹചര്യമുണ്ടാക്കി. ഇതു മാത്രമല്ല, ഡെങ്കിപ്പനിയ്ക്ക് കാരണമായ കൊതുകുകള്‍, കെട്ടി നില്‍ക്കുന്ന ജലത്തില്‍ പെറ്റു പെരുകുന്നു. മാങ്ങ, ചക്ക എന്നിവയിലൂടെ ധാരാളം ഈച്ചകള്‍ വരുന്നു. ഇവ ഛര്‍ദി പോലുള്ള പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. കുട്ടികള്‍ സ്‌കൂളില്‍ പോയിത്തുടങ്ങിയതോടെ പനി പടര്‍ന്ന് പിടിക്കുന്നു. ഇപ്പോള്‍ പടരുന്നത് എച്ച് വണ്‍ എന്‍ വണ്‍ പനിയാണ്. ഇന്‍ഫ്‌ളുവന്‍സ എന്നിതിനെ പറയാം.
ഡെങ്കിപ്പനി രക്തപരിശോധനയിലൂടെ കണ്ടെത്താം. ഡെങ്കിപ്പനി പിടിപെട്ടാല്‍ ധാരാളം വെള്ളം കുടിയ്ക്കണം. ഒരുമിച്ച് വെള്ളം കുടിയ്ക്കുന്നതിന് പകരം അര മണിക്കൂര്‍ ഇടവിട്ട് വെള്ളം കുടിയ്ക്കാം. പ്രമേഹമില്ലെങ്കില്‍ വെള്ളത്തില്‍ അല്‍പം ഉപ്പും ഗ്ലൂക്കോസും ചേര്‍ത്തിളക്കി കുടിയ്ക്കാം. ഓറഞ്ച് ജ്യൂസ് പോലുളളവ കുടിയ്ക്കാം. ഇവയെല്ലാം ശരീരത്തിന് അനുഭവപ്പെടുന്ന ക്ഷീണമകറ്റാന്‍ സഹായിക്കും. പെട്ടെന്ന് ദഹിയ്ക്കുന്ന പ്രോട്ടീനുകള്‍ കഴിയ്ക്കാം. പയര്‍ വര്‍ഗങ്ങള്‍ കഴിയ്ക്കാം. മുട്ടയും മീനും ചിക്കനുമെല്ലാം ഭക്ഷണത്തില്‍ ഉല്‍പ്പെടുത്താം. റെഡ് മീറ്റ് കഴിവതും ഒഴിവാക്കാവുന്നതാണ്.
കഞ്ഞിയും കഞ്ഞിവെള്ളവും കുടിക്കുന്നത് നല്ലതാണ്. കഞ്ഞിവെള്ളത്തില്‍ അല്‍പ്പം ഉപ്പിട്ട ശേഷം കുടിക്കുക. പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൃത്യമായി പരിശോധിയ്ക്കണം. ഇത് കുറഞ്ഞാല്‍ മധുരം ചേര്‍ക്കാതെ ഫ്രൂട്‌സ് കഴിയ്ക്കാം. പോംഗ്രനേറ്റ്, സ്‌ട്രോബെറി, പപ്പായ, തണ്ണിമത്തന്‍ എന്നിവയെല്ലാം നല്ലതാണ്. പപ്പായ ഇലയുടെ ജ്യൂസ് കുടിക്കുന്നത് പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂടാന്‍ സഹായിക്കുന്നു. പ്ലേറ്റ്‌ലെറ്റ് 25000ല്‍ താഴെയായാല്‍ മെഡിക്കല്‍ സഹായം തേടുക. ഡെങ്കി വന്നു പോയാല്‍ പിന്നെ ക്ഷീണമുണ്ടാകാം. മുടി കൊഴിച്ചിലും ചര്‍മ പ്രശ്‌നങ്ങളും ഉണ്ടാകാം. ഇതൊഴിവാക്കാന്‍ കുറച്ചുനാള്‍ വിശ്രമമെടുത്ത ശേഷം ജോലിയ്ക്കും മറ്റും പോകുക.