പണം കൈയിൽ വെയ്ക്കാതെ തന്നെ സാധനങ്ങൾ വാങ്ങാനും ബില്ലുകൾ അടയ്ക്കാനും സഹായിക്കുന്ന സാമ്പത്തിക മാർഗമാണ് ക്രെഡിറ്റ് കാർഡുകൾ. ഒരുപാട് വിലയുള്ള സാധനങ്ങൾ വാങ്ങുമ്പോൾ ഉടനടി നൽകാൻ പണമില്ലെങ്കിൽ ക്രെഡിറ്റ് കാർഡിലൂടെ ഇഎംഐ വഴി പണമടയ്ക്കാൻ കഴിയും. ഇത്തരത്തിൽ പണമില്ലാത്തപ്പോൾ വാങ്ങലുകൾ നടത്താൻ ക്രെഡിറ്റ് കാർഡുകൾ സഹായിക്കുമെങ്കിലും കൃത്യസമയത്ത് ക്രെഡിറ്റ് കാർഡ് ബില്ലുകൾ തിരിച്ചടയ്‌ക്കേണ്ടതും പ്രധാനമാണ്. ഇല്ലെങ്കിൽ കാർഡ് വിതരണക്കാർ ഉപയോക്താക്കളിൽ നിന്ന് പലിശയുടേയും ലേറ്റ് പേയ്‌മെന്റ് ഫീസ് അടക്കമുള്ള അധിക ചാർജുകളുടേയും രൂപത്തിൽ പണം ഈടാക്കും. പെനാൽറ്റി ഫീസ് ചിലപ്പോൾ ക്രെഡിറ്റ് കാർഡ് കുടിശ്ശികയേക്കാൾ കൂടുതലായിരിക്കും. ക്രെഡിറ്റ് കാർഡ് ബില്ല് അടച്ചു തീർക്കാൻ നിരവധി മാർഗങ്ങൾ ഉണ്ടെങ്കിലും ഒരു ക്രെഡിറ്റ് കാർഡിന്റെ ബില്ല് മറ്റൊരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടയ്ക്കാൻ കഴിയുമോ എന്നറിയാം.
ഒരു ക്രെഡിറ്റ് കാർഡിന്റെ ബിൽ മറ്റൊരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എങ്ങനെ അടയ്ക്കാം?
ഒട്ടുമിക്ക ക്രെഡിറ്റ് കാർഡ് വിതരണക്കാരും മറ്റൊരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിലവിലെ ക്രെഡിറ്റ് കാർഡ് ബില്ല് തിരിച്ചടയ്ക്കാനുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നില്ല. അത്തരം സൗകര്യം ഏതെങ്കിലും ക്രെഡിറ്റ് കാർഡ് വിതരണക്കാർ വാഗ്ദാനം നൽകുന്നുണ്ടെങ്കിൽ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാവാതിരിക്കാൻ ഇത്പ്രയോജനപ്പെടുത്തതിരിക്കുന്നതാണ് ഉചിതം. എന്തെന്നാൽ ഇവിടേയും ചിലപ്പോൾ അധിക ഫീസും പലിശയും ഉണ്ടായിരിക്കും. ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് നടത്താൻ മികച്ച മാർഗം തിരയുകയാണെങ്കിൽ ഈ വഴികൾ പ്രയോഗിക്കാവുന്നതാണ്.
ബാലൻസ് ട്രാൻസ്ഫർ വഴി ബില്ല് അടയ്ക്കാം
നിലവിലെ ക്രെഡിറ്റ് കാർഡ് കുടിശിക തുക ഉയർന്ന പരിധിയിൽ കുറഞ്ഞ പലിശ നിരക്കിൽ മറ്റൊരു ക്രെഡിറ്റ് കാർഡിലേക്ക് കൈമാറ്റം ചെയ്യാം. ഇത് ഉപയോക്താക്കൾക്ക് 6 മാസം വരെ കൈമാറ്റം ചെയ്യാൻ അധിക സമയം നൽകുന്നു. ചിലപ്പോൾ ബാലൻസ് ട്രാൻസ്ഫർ ചെയ്യാൻ ചെറിയ അധിക ഫീസ് നൽകേണ്ടി വന്നേക്കാം. എന്നാൽ ബാലൻസ് ട്രാൻസ്ഫറിന് അധിക ഫീസൊന്നും ഈടക്കാത്ത ബാങ്കുകളുമുണ്ട്. എന്നിരുന്നാലും ബാലൻസ് ട്രാൻസ്ഫർ ഓപ്ഷൻ തിരഞ്ഞെടുക്കും മുൻപ് ഉപയോക്താക്കൾ ഓർത്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്
1 ബാലൻസ് ട്രാൻസ്ഫർ ക്രെഡിറ്റ് സ്കോറിനെ ബാധിച്ചേക്കും
2 ബാലൻസ് ട്രാൻസ്ഫർ ചെയ്യുന്നതിന് ഒരു അധിക ഫീസ് നൽകേണ്ടി വരും
3 ബാലൻസ് ട്രാൻസ്ഫറിനായി തിരഞ്ഞെടുക്കുന്ന കാർഡിൽ ട്രാൻസ്ഫർ പരിധികൾ ഇല്ലെന്ന് ഉറപ്പാക്കുക
പണം ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് പേമെന്‍റ് നടത്താം
പുതിയ ക്രെഡിറ്റ് കാർഡിൽ നിന്ന് എടിഎം വഴി പണം എടുക്കുക. തുടർന്ന് അത് ബാങ്ക് അക്കൗണ്ടിൽ ഇട്ടതിന് ശേഷം ഓൺലൈൻ ആയി നിലവിലെ ക്രെഡിറ്റ് കാർഡ് കുടിശ്ശിക അടച്ചു തീർക്കാവുന്നതാണ്. എന്നാൽ ക്രെഡിറ്റ് കാർഡ് വഴി എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് ഉയർന്ന പലിശ നിരക്കിലേക്ക് നയിക്കും. അതിനാൽ ക്രെഡിറ്റ് കാർഡ് ബില്ല് അടയ്ക്കുന്നതിനുള്ള അപകടസാധ്യത നിറഞ്ഞ മാർഗ്ഗമാണിത്.