ഹാര്‍ട്ട് അറ്റാക്ക് ഇന്ന് വളരെ സാധാരണമായി കാണുന്ന ഒരു അസുഖമായി മാറിയിരിക്കുന്നു. അതിന് മുഖ്യകാരണം ഇന്നത്തെ ജീവിതരീതിയും ഭക്ഷണരീതിയുമാണ്. ശരിയായ സമയത്ത് ചികിത്സ ലഭിക്കാത്തത് പെട്ടന്നുള്ള ഹൃദയഘാതത്തിനും അത് വഴി മരണത്തിനും വഴിയൊരുക്കും.
ഹൃദയാഘാതത്തിൻറെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ചില ആളുകളിൽ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നെഞ്ചുവേദനയോ, അസ്വസ്ഥതയോ, ക്ഷീണമോ അനുഭവപ്പെടാം. മറ്റ് ചിലരിലാകട്ടെ, കാര്യമായ ലക്ഷണങ്ങളൊന്നും ഉണ്ടാവില്ല. ഇങ്ങനെ കാര്യമായ ലക്ഷണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് നിശബ്ദമായി കടന്നുവരുന്ന ഹൃദയാഘാതമാണ് ‘സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക്’. സ്ത്രീകളിലും പുരുഷന്മാരിലും ‘സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക്’ കേസുകള്‍ കാണുന്നുണ്ട്. അസിഡിറ്റി, ഗ്യാസ് എന്നിവ മൂലമുണ്ടാകുന്ന അസ്വസ്ഥത, അധികമായി ജോലി ചെയ്യുന്നത് മൂലമുണ്ടാകുന്ന തളര്‍ച്ച ശരീരവേദന, ഉറക്കക്കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ പലപ്പോഴും നാം നിസരമായി കാണുന്നു. നെഞ്ചിടിപ്പ് അമിതമായി കൂടുക, എപ്പോഴും തളർച്ച അനുഭവപ്പെടുക, വിയർക്കുക ഇവയെല്ലാം നിങ്ങളുടെ ഹൃദയരോഗ്യം ശരിയല്ല എന്നതിന്റെ സൂചകങ്ങളാണ്.
നെഞ്ചുവേദയും ശ്വാസതടസ്സവും അമിതമായി നേരിടുമ്പോള്‍ മാത്രമാണ് ആളുകള്‍ ആശുപത്രിയിലെത്തുന്നത്. സൈലന്‍റ് അറ്റാക്കിന് ശരീരം കാണിച്ചുതരുന്ന ചില നേരിയ ലക്ഷണങ്ങള്‍ കൂടിയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. നെഞ്ചിന് നടുവിലായി കനത്ത ഭാരം വച്ചതുപോലുള്ള സമ്മര്‍ദ്ദവും അസ്വസ്ഥതയും. ഇത് മിനുറ്റുകളോളം നീണ്ടുനില്‍ക്കും. പിന്നീട് മാറും. വീണ്ടും അനുഭവപ്പെടും. നെഞ്ചില്‍ വേദന, അരയ്ക്ക് മുകളിലുള്ള ശരീരഭാഗങ്ങളില്‍ വേദനയോ അസ്വസ്ഥതയോ പ്രത്യേകമായ തളര്‍ച്ചയോ അനുഭവപ്പെടുക, കൈകള്‍, കഴുത്ത്, കീഴ്ത്താടി, വയര്‍ എന്നിവിടങ്ങളില്‍ വേദന അനുഭവപ്പെടുക. ശ്വാസതടസം,അസാധാരണമായ കിതപ്പ്, ശരീരം അസാധാരണമായി വിയര്‍ക്കുക, ഓക്കാനം, തലകറക്കം എന്നിവ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. സംശയം തോന്നിയാൽ ചികിത്സ തേടുക. ഇലക്ട്രോ കാര്‍ഡിയോഗ്രാം, എക്കോകാര്‍ഡിയോഗ്രാം, രക്തപരിശോധന എന്നിവയിലൂടെ ഹാര്‍ട്ട് അറ്റാക്ക് നിര്‍ണയിക്കാൻ സാധിക്കും.