പാലക്കാട് : എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണനെ അറസ്റ്റ് ചെയ്‌തത് പ്രതികാര നടപടിയെന്ന് ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ പ്രതിരോധത്തിലാക്കിയ സ്വപ്ന സുരേഷിന് ജോലി നല്‍കിയതിനാണ് അജി കൃഷ്ണനെ കള്ളക്കേസില്‍ കുടുക്കിയതെന്നാണ് എച്ച് ആര്‍ ഡി എസിന്റെ ആരോപണം. സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കുകയാണെന്നും ഏറ്റവും അവസാനത്തെ ഇരയാണ് അജി കൃഷ്ണനെന്നും എച്ച് ആര്‍ ഡി എസ് പ്രസ്താവനയില്‍ പറയുന്നു. ആദിവാസികളെ കൈയേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന് കാണിച്ച് ഒരുവര്‍ഷം മുന്‍പ് ഷോളയൂര്‍ സ്വദേശിയാണ് അജി കൃഷ്ണനെതിരെ പരാതി നല്‍കിയത്.
വിദേശത്തായിരുന്ന അജി കൃഷ്ണന്‍ ഇന്നലെ രാവിലെയാണ് നാട്ടിലെത്തിയത്. രാത്രി എട്ടരയോടെയായിരുന്നു അറസ്റ്റ് ചെയ്തത്. അജി കൃഷ്ണനെ ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്ക് മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന എച്ച് ആര്‍ ഡി എസ് കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാര്‍ഖണ്ഡ് ഉള്‍പ്പടെയുള്ള ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ്.